ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇരുസംസ്ഥാനങ്ങളും ചര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നിര്‍ദേശിച്ചു. തന്നെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘത്തോടാണ് പ്രധാനമന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്. സംഘര്‍ഷാവസ്ഥ ഒഴിവാക്കി, നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കേരളത്തിന്റെ ഭാഗത്തുനിന്ന് പൂര്‍ണസഹകരണം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും ഇതേ സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയാക്കി നിലനിര്‍ത്തുക, തമിഴ്‌നാടുമായുള്ള തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലോടു കൂടി തീരുമാനമുണ്ട ാക്കാനുള്ള അന്തരീക്ഷമൊരുക്കുക തുടങ്ങി മൂന്ന് ആവശ്യങ്ങളാണ് സര്‍വകക്ഷിസംഘം പ്രധാനമന്ത്രിക്ക് മുന്‍പാകെ ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക പ്രധാനമന്ത്രിയെ പൂര്‍ണമായി ബോധിപ്പിക്കാന്‍ കഴിഞ്ഞതായിട്ടാണ് വിശ്വാസം. കാത്തിരിക്കാനാകില്ലെന്നും കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള തീരുമാനം എത്രയും വേഗം ഉണ്ടാകണമെന്നാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആശങ്ക പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട് പ്രശ്‌നത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കേരളത്തിന്റെ സുരക്ഷ പുതിയ ഡാമിലൂടെ മാത്രമേ ഉറപ്പാക്കാന്‍ കഴിയൂവെന്നത് സംസ്ഥാനത്തിന്റെ പൊതുവികാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് ഇക്കാര്യത്തില്‍ തുറന്ന അജന്‍ഡയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി എന്ത് നടപടിയാണ് കൈക്കൊള്ളുന്നതെന്ന് അറിയില്ലെന്നും അത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു ഉച്ചയ്ക്ക് 12 മണിക്ക് കൂടിക്കാഴ്ച നടന്നത്. 20 മിനുട്ടുനേരം പ്രധാനമന്ത്രി സര്‍വകക്ഷിസംഘവുമായി ചര്‍ച്ച നടത്തി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, വിവിധ കക്ഷിനേതാക്കള്‍ തുടങ്ങി 23 പേരായിരുന്നു സര്‍വകക്ഷിസംഘത്തില്‍ ഉണ്ടായിരുന്നത്. സംസ്ഥാനത്തുനിന്നുളള ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.
Discussion about this post