ചെന്നൈ: കോമണ്‍വെല്‍ത്ത് ഗെയിംസിനോടനുബന്ധിച്ച് റെയില്‍വേ സ്‌പോര്‍ട്‌സ് പ്രമോഷന്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ ‘കോമണ്‍വെല്‍ത്ത് എക്‌സ്‌പ്രസ്’ പ്രദര്‍ശന ട്രെയിന്‍ ആഗസ്റ്റ് 25ന് കേരളത്തിലെത്തും. 25നും 26നും തിരുവനന്തപുരത്തും 27ന് കൊല്ലത്തും 28ന് എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലും പൊതുജനങ്ങള്‍ക്ക് ട്രെയിന്‍ സന്ദര്‍ശിക്കാം. രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ് പ്രദര്‍ശനസമയം. പ്രവേശനം സൗജന്യമാണ്.
ജൂണ്‍ 24ന് ന്യൂദല്‍ഹിയിലെ സഫ്ദര്‍ജങ് റെയില്‍വേ സ്‌റ്റേഷനില്‍ മന്ത്രി മമതാ ബാനര്‍ജിയാണ് പ്രദര്‍ശന ട്രെയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 101 ദിവസം നീളുന്ന യാത്രയില്‍ ട്രെയിന്‍ 23 സംസ്ഥാനങ്ങളിലെയും പുതുച്ചേരി, ചണ്ഡീഗഢ് എന്നിവിടങ്ങളിലെയും 49 നഗരങ്ങളില്‍ പ്രദര്‍ശനത്തിനെത്തും. ഒക്‌ടോബര്‍ രണ്ടിന് തിരികെ ന്യൂദല്‍ഹിയിലെത്തും.
ഒന്നുമുതല്‍ അഞ്ചുവരെ കോച്ചുകളില്‍ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രം, വിവിധ കായികമല്‍സരങ്ങളുടെ ദൃശ്യങ്ങള്‍, ഇന്ത്യയിലെ പ്രമുഖ കായികതാരങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയവ ഇതില്‍പെടും. ആറു മുതല്‍ 11 വരെയുള്ള കോച്ചുകള്‍ ഇന്ത്യയില്‍ വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച ചിത്രീകരിക്കുന്നതാണ്.
Discussion about this post