ന്യൂദല്‍ഹി: ഭൂമി എറ്റെടുക്കലും പുനരധിവാസവുമായി ബന്ധപ്പെട്ട സമഗ്ര ബില് ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി. കൃഷിമന്ത്രി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതിയുടെ പരിഗണനയിലുള്ള ബില്ലിന് എത്രയും പെട്ടെന്ന് നിയമപ്രാബല്യം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.ഭൂമി ഉത്തര്‍പ്രദേശിലെ അലീഗഢില്‍ ഏറ്റെടുക്കലിനെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ സ്വാതന്ത്ര്യദിനത്തില്‍ പൊലീസ് നടത്തിയ വെടിവെപ്പു സംബന്ധിച്ച് ഇന്നലെ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയില്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ അട്ടിമറിക്കപ്പെടരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് കര്‍ഷകസമൂഹം നല്‍കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് സര്‍ക്കാറിന് ബോധ്യമുണ്ട്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വികാരം ബില്ലില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. വെടിവെപ്പു സംഭവത്തെക്കുറിച്ച വസ്തുതകള്‍ ലഭ്യമാക്കാന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം ഉത്തര്‍പ്രദേശ് സര്‍ക്കാറുമായി ബന്ധെപ്പട്ടു വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ലോക്‌സഭയില്‍ ചൊവ്വാഴ്ച പ്രതിപക്ഷം വീണ്ടും രംഗത്തു വന്നതിനെ തുടര്‍ന്നാണ് സ്‌പീക്കര്‍ ചര്‍ച്ചക്ക് അനുമതി നല്‍കിയത്.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സമഗ്ര ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് സമാജ്‌വാദി ഉള്‍പ്പെടെ വിവിധ പാര്‍ട്ടികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.
യമുന എക്‌സ്‌പ്രസ് വേയും സ്വകാര്യ ടൗണ്‍ഷിപ്പും പണിയാന്‍ ചുളുവിലക്ക് കര്‍ഷകരില്‍നിന്ന് ഭൂമി തട്ടിയെടുക്കുകയാണെന്ന് ബി.എസ്.പി ഒഴികെയുള്ള സംസ്ഥാനത്തെ വിവിധ പാര്‍ട്ടി അംഗങ്ങള്‍ ആരോപിച്ചു. കര്‍ഷകര്‍ക്കു നേരെ വെടിവെപ്പിന് ഉത്തരവ് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സംസ്ഥാന വികസനം തുരങ്കം വെക്കാനുള്ള നീക്കമാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നതെന്ന് ബി.എസ്.പി നേതാവ് ധാരാ സിങ് ചൗഹാന്‍ കുറ്റപ്പെടുത്തി.
Discussion about this post