ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചകളോടു മുഖം തിരിക്കുന്ന തമിഴ്‌നാടിന്റെ നടപടിക്കെതിരേ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രധാനമന്ത്രി വിളിക്കുന്ന ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുന്നതാണ് ഉചിതമെന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. എന്നാല്‍, തമിഴ്‌നാട് ചര്‍ച്ചകള്‍ക്ക് തയാറാകണമെന്ന് ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി തയാറായില്ല.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കേന്ദ്ര സേനയ്ക്കു കൈമാറാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സമര്‍പ്പിച്ച പ്രത്യേക അപേക്ഷ കോടതി തള്ളി. ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കേരളത്തിന്റെ അനുവാദമോ, സുപ്രീംകോടതിയുടെ ഉത്തരവോ ഉണ്ടെങ്കില്‍ മാത്രമേ കേന്ദ്രസേനയെ അയയ്ക്കാനാവുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍, കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും സുരക്ഷയ്ക്കായി അധിക പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ അറിയിച്ചു. പ്രദേശത്തെ തമിഴ്‌നാട് സ്വദേശികള്‍ക്കും വസ്തുക്കള്‍ക്കും പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്നും കേരളം വ്യക്തമാക്കി. തമിഴ്‌നാടിന്റെ അപേക്ഷ തള്ളുകയാണെന്ന് ജസ്റ്റീസ് ഡി.കെ. ജെയിന്‍ അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജലതര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ചതാണ് ചരിത്രമെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരം കാണുന്നതിന് തമിഴ്‌നാട് സഹകരിക്കുന്നില്ലെന്നുമുള്ള പ്രശ്‌നം ഹരീഷ് സാല്‍വേ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ജനാധിപത്യ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചകളോട് എന്തുകൊണ്ടു സഹകരിക്കുന്നില്ലെന്ന് ഭരണഘടനാ ബെഞ്ച് തമിഴ്‌നാടിനോട് ആരാഞ്ഞു. പ്രധാനമന്ത്രി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമ്പോള്‍ തമിഴ്‌നാട് എതിര്‍ക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇരുസംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിമാര്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്താല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണിതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, ഇരു സംസ്ഥാനങ്ങളും സമ്മതിക്കാതെ ചര്‍ച്ചകള്‍ക്കു നിര്‍ദ്ദേശിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Discussion about this post