തിരുവനന്തപുരം:തൊഴിലുറപ്പു പദ്ധതിയില് അഴിമതി സാര്‍വത്രികമായതായി വിവിധ നിര്‍വഹണോദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വെളിപ്പെട്ടിട്ടും തടയാനുള്ള സംവിധാനം പ്രായോഗികമാവുന്നില്ല. താഴേത്തട്ടില്‍ ആസൂത്രണ സംവിധാനത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധമാണ് ഫണ്ടുവെട്ടിപ്പെന്ന് ജില്ലാതല ഓഫിസര്‍മാര്‍ വരെയുള്ള നിര്‍വഹണ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.സംസ്ഥാനത്ത് പാലക്കാട്, വയനാട് ജില്ലകളില്‍ മാത്രമാണ് ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് ബ്ലോക്കുതല പ്രോഗ്രാം ഓഫിസര്‍മാരുള്ളത്. മറ്റുള്ള സ്ഥലങ്ങളില്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍മാര്‍ക്കു തന്നെയാണ് പദ്ധതി നിര്‍വഹണത്തിന്റെ ചുമതല. പത്തും പന്ത്രണ്ടും പഞ്ചായത്തുകളുള്ള ഒരു ബ്ലോക്കില്‍ ബി.ഡി.ഒയുടെ ഒരുവിധ ഇടപെടലോ പരിശോധനകളോ താഴേത്തട്ടില്‍ എത്തുന്നില്ല.
യാഥാര്‍ഥ്യബോധത്തോടെയല്ലാത്ത എസ്റ്റിമേറ്റ് അറിഞ്ഞുകൊണ്ടുതന്നെ തയാറാക്കിയാണ് ഫണ്ടു വെട്ടിപ്പിന്റെ ഒരു രീതി. 50 മീറ്റര്‍ തോട്ടില്‍ അടിഞ്ഞ മണ്ണു നീക്കാന്‍ തയാറാക്കുന്ന എസ്റ്റിമേറ്റില്‍ മണ്ണിന്റെ സ്വഭാവം ഉറച്ചമണ്ണ് എന്ന് രേഖപ്പെടുത്തി 10 പേര്‍ 10 ദിവസംകൊണ്ട് ചെയ്യേണ്ട തൊഴില്‍ 20 ദിവസമാക്കി എസ്റ്റിമേറ്റിടുകയും 18 ദിവസംകൊണ്ട് തീര്‍ക്കുകയും ചെയ്യും. 18 ദിവസത്തേക്ക് ഒപ്പിടീച്ച് എട്ടുദിവസത്തെ പത്തു പേരുടെ വേതനം പഞ്ചായത്തംഗം, അക്രഡിറ്റഡ് എന്‍ജിനീയര്‍, പരിശോധന നടത്തേണ്ട പഞ്ചായത്ത് എന്‍ജിനീയര്‍ തുടങ്ങിയവര്‍ വീതംവെക്കുന്ന രീതിയാണ്. തൊഴിലിനെത്താത്തവരുടെ അവധി മാര്‍ക്ക് ചെയ്യാതെ വേതനം എല്ലാവരുടെയും അറിവോടെത്തന്നെ എഴുതിയെടുക്കുന്നുണ്ട്.
സ്വകാര്യകൃഷിയിടങ്ങളില്‍ നീര്‍ത്തട വികസനം ലക്ഷ്യമിട്ട് തൊഴിലുറപ്പു പദ്ധതിയില്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് ഭൂവുടമയില്‍നിന്ന് കമീഷന്‍ പറ്റുന്നതും കണ്ടെത്തി. ഏക്കറിന് രണ്ടായിരം രൂപ വരെ വാങ്ങിയ ചില സംഭവങ്ങള്‍ നിര്‍വഹണ വിഭാഗത്തിലെ ചിലര്‍ സമ്മതിക്കുന്നു. തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണം, അക്രഡിറ്റഡ് എന്‍ജിനീയര്‍, പഞ്ചായത്തംഗം, എസ്റ്റിമേറ്റ് പരിശോധിക്കേണ്ടവര്‍ തുടങ്ങിയവര്‍ക്ക് വിഹിതം എന്നതാണ് രീതി. പദ്ധതി സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ ജില്ലാതലത്തില്‍ കലക്ടര്‍, ബ്ലോക്കുതലത്തില്‍ ബി.ഡി.ഒ എന്നിവര്‍ക്കാണ് പരാതികള്‍ നല്‍കേണ്ടത്. കലക്ടര്‍ 14 ദിവസത്തിനകവും ബി.ഡി.ഒ ഏഴുദിവസത്തിനകവും പരാതി തീര്‍പ്പാക്കണം. പദ്ധതിയുടെ നിര്‍വഹണ ചട്ടങ്ങളില്‍ ഇങ്ങനെ കാണുന്നുണ്ടെങ്കിലും പ്രാവര്‍ത്തികമാകുന്നില്ല. തദ്ദേശവകുപ്പിനു കീഴിലെ ഉദ്യോഗസ്ഥര്‍ക്ക് പദ്ധതി നിര്‍വഹണമടക്കം ജോലിഭാരമുള്ളതിനാല്‍ തൊഴിലുറപ്പു പദ്ധതിയിലെ ക്രമക്കേടുകള്‍ പലതും കാണാതെ പോവുകയാണ്.
Discussion about this post