തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആലോചനയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഡോ. എസ്.വൈ. ഖുറേഷി അറിയിച്ചു. മേയ് മാസത്തിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്താനാവില്ലെന്നും അതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ശരിയല്ലെന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമീഷനംഗം വി.എസ്. സമ്പത്ത് അറിയിച്ചു. നഗരങ്ങളില്‍ പൊതുവെ പോളിംഗ് ശതമാനം കുറയുന്നുണ്ടെന്നും ഇക്കാര്യത്തില്‍ വ്യാപകമായ ബോധവത്കരണം നടത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ അറിയിച്ചു. മുംബൈ, ദല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലൊക്കെ ഈ പ്രവണതയുണ്ട്. കേരളത്തിലും ഇത് നേരിയ തോതില്‍ ദൃശ്യമാണ് .ഝാര്‍ഖണ്ഡില്‍ ബോധവത്കരണത്തിലൂടെ പോളിംഗ് ശതമാനം ഉയര്‍ത്താനായി.
സംസ്ഥാനത്ത് ഫോട്ടോയുള്ള വോട്ടര്‍പട്ടികയും ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡും നൂറ് ശതമാനം പൂര്‍ത്തിയായി. ജനുവരി ഒന്നിന് 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും.
അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. സംസ്ഥാനത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക അവലോകനം നടത്തിയതായി അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ഡി.ജി.പി, ചീഫ് സെക്രട്ടറി തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം മികച്ച രീതിയിലാണ് നടത്തുന്നത്.
അതാത് പ്രദേശത്തുള്ളവരെയാകും ബൂത്ത് ഓഫീസര്‍മാരായി നിയമിക്കുക. ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ള ബൂത്തുകളില്‍ വാര്‍ത്താവിനിമയ സംവിധാനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വകുപ്പിന്റെ പരിഷ്‌കരിച്ച വെബ്‌സൈറ്റ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഉദ്ഘാടനം ചെയ്തു. വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള കാള്‍സെന്ററും തുടങ്ങി. 0471 3912311ആണ് കാള്‍ സെന്ററിന്റെ നമ്പര്‍. എല്ലാ പ്രവൃത്തി ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വിളിച്ചാല്‍ വോട്ടര്‍കാര്‍ഡിന്റെ നമ്പര്‍ നല്‍കിയാല്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്നും ഏത് ബൂത്തിലാണ് വോട്ട് എന്നതും അടക്കമുള്ള വിവരങ്ങള്‍ ലഭ്യമാക്കും.
Discussion about this post