തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന വൈദ്യനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ എതിര്‍പ്പുകള്‍ക്കൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പു വയ്ക്കാന്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതുവഴി സംസ്ഥാനത്തിന് ആയിരം കോടിയോളം രൂപ ലഭിക്കും. ശുപാര്‍ശകള്‍ അംഗീകരിക്കാത്തതുകൊണ്ട് കേരളത്തിന് ഇതിനകം പല നഷ്ടങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
നബാര്‍ഡിന്റെ 2012-13 വര്‍ഷത്തെ വായ്പാ പദ്ധതി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ല്, തെങ്ങ് കൃഷികള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാനുള്ള സമയപരിധി കഴിഞ്ഞെങ്കിലും കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതിയോടെ ഒപ്പിടാനാണ് ശ്രമം. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച ബാംഗ്ലൂരില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ചനടത്തി. നബാര്‍ഡ് ചെയര്‍മാനുമായും സംസാരിച്ചെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.
സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം നവീകരിക്കാനുള്ള ശുപാര്‍ശകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ചതാണ് വൈദ്യനാഥന്‍ കമ്മീഷന്‍. 2005 ല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നല്‍കി. നിബന്ധനകള്‍ക്ക് വിധേയമായി സഹകരണ മേഖലയുടെ സഞ്ചിത നഷ്ടം ഒഴിവാക്കാനും മൂലധന പര്യാപ്തത വര്‍ധിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കാനുമായിരുന്നു ശുപാര്‍ശ. പാക്കേജിലൂടെ ലഭിക്കുന്ന പണം ഏകീകൃത സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് സഹകരണ ബാങ്കുകളുടെ കമ്പ്യൂട്ടര്‍ വത്കരണത്തിന് ഉപയോഗിക്കാം.
എന്നാല്‍ നിബന്ധനകളില്‍ പലതും കേരളത്തിലെ സഹകരണ മേഖലയ്ക്ക് ദോഷകരമാണെന്ന് വാദമുയര്‍ന്നു. അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഇവ അംഗീകരിച്ച് കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടില്ല.
Discussion about this post