തിരുവനന്തപുരം: നഗരത്തിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ബിജെപി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. മാലിന്യനീക്കം നിലച്ചിട്ട് ഒരാഴ്ചയാകാറായിട്ടും പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കോര്‍പറേഷനും സംസ്ഥാന സര്‍ക്കാരും തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.
മാലിന്യ നീക്കം നിലച്ചിട്ട് അഞ്ചുദിവസമായപ്പോള്‍ ഇടറോഡുകളിലും പ്രധാനപാതകളിലെ ഫുട്്പാത്തുകളും മാലിന്യനിക്ഷേപകേന്ദ്രങ്ങളായി മാറി. ഇരുട്ടിന്റെ മറവില്‍ വീടുകളില്‍ നിന്നുള്ള പഴകിയ ആഹാരപദാര്‍ഥകള്‍ ഉള്‍പ്പെടെ പാതയോരത്ത് ജനം കൊണ്ട് തള്ളുന്നു. കനത്ത രാത്രിയില്‍ അപ്രതീക്ഷിതമായെത്തിയ പേമാരിയും നഗരജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണ്.
പാതയോരങ്ങളിലെ മാലിന്യക്കൂമ്പാരം റോഡിലേക്ക് പരന്നൊഴുകിയതോടെ പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു. താഴ്്ന്ന പ്രദേശങ്ങളിലെല്ലാം മലിനജലം കെട്ടികിടക്കുന്നു. ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. പൊതുജനത്തെ സഹായിക്കാന്‍ നഗരസഭയാരംഭിച്ച ക്രൈസിസ് മാനേജ്മെന്റ് സെല്ലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. കൗണ്‍സിലര്‍മാര്‍ മുന്‍കയ്യെടുത്ത് അതാത് വാര്‍ഡുകളില്‍ ജനകീയ സമതികള്‍ വിളിച്ചു കൂട്ടണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Discussion about this post