മുണ്ടക്കയം: മലഅരയ സമുദായത്തിന്റെ വോട്ടു നേടി വിജയിച്ച ജനപ്രതിനിധികള്‍ ‘മകരജ്യോതിക്ക്, മകരവിളക്ക് മലഅരയര്‍ക്ക് എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുകയും, പൊന്നമ്പലമേട്ടില്‍ വിളക്ക് തെളിക്കുവാനുള്ള അവകാശം മലഅരയര്‍ക്ക് നേടിത്തരാന്‍ പ്രയന്തിക്കുകയും ചെയ്യണമെന്നു മലയരയസമിതി ചെയര്‍മാന്‍ പി.കെ. ഭാസ്‌ക്കരന്‍ ആവശ്യപ്പെട്ടു. കുറ്റിപ്ലാങ്ങാട് ശങ്കരനാരായണ ക്ഷേത്രത്തില്‍ മകരജ്യോതി പ്രയാണത്തിനു നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലഅരയ ഗോത്രത്തിന്റെ പ്രാചീന ആരാധനാകേന്ദ്രമാണ് പൊന്നമ്പലമേടെന്നും, സമുദായത്തിന്റെ ആചാരം വീണ്ടെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനുമാണ് മകരദീപ പ്രയാണം നടത്തുന്നതെന്ന് നേതാക്കന്മാര്‍ പറഞ്ഞു. എരുമേലിയില്‍ ചൊവ്വാഴ്ച പന്തളം രാജാവ് വിശാഖം തിരുനാള്‍ പി. രാജവര്‍മരാജ ഉദ്ഘാടനം ചെയ്ത മകരജ്യോതി പ്രയാണമാണ് വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തുന്നത്. ആദിവാസി മേഖലകളില്‍ വന്‍വരവേല്‍പാണ് മകരജ്യോതി പ്രയാണത്തിന് ലഭിക്കുന്നത്. മകരവിളക്ക് ദിനമായ 15 ന് 5000 പ്രവര്‍ത്തകര്‍ കാളകെട്ടിയില്‍ നിന്ന് പൊന്നമ്പലമേട്ടിലേയ്ക്കു തിരിക്കും. .
പട്ടികവര്‍ഗ മേഖലകളായ കുഴിംപള്ളി, കൈപ്പള്ളി, വല്യേന്ത, ചാത്തന്‍പ്ലാപ്പള്ളി, പഴുമല, ഇഞ്ചിയാനി, കുറിഞ്ഞിപ്ലാവ്, വെള്ളാനി, തലനാട് എന്നിവിടങ്ങളിലൂടെ കോട്ടയം ജില്ലാ പര്യടനം അടുക്കത്ത് സമാപിച്ചു. വിവിധ സ്ഥലങ്ങളില്‍ കെ.കെ. ഗംഗാധരന്‍, പി.കെ. സജീവ്, പി.കെ.ഭാസ്‌ക്കരന്‍, കെ.ആര്‍. ഭാസി, സരസമ്മ മോഹന്‍ദാസ്, ലൈലാ ഭാസ്‌ക്കരന്‍, കെ.കെ.സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്നും, നാളെയും ഇടുക്കി ജില്ലയിലെ ആദിവാസി കേന്ദ്രങ്ങളില്‍ മകരജ്യോതി പ്രയാണം പര്യടനം നടത്തും.
Discussion about this post