മൂന്നാര്‍: മൂന്നാര്‍ കുണ്ടള ഡാമില്‍ കുളിക്കാനിറങ്ങിയ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ അഞ്ച് യുവാക്കള്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം മണ്‍വിള അരശുമൂട് സ്വദേശികളായ കുളത്തൂര്‍ രതീഷ്(24), കുളത്തൂര്‍ കുളത്തിങ്കല്‍ ശ്രീജിത്ത്(25), അരശുമൂട് കണിയാംവിളയില്‍ രാജേന്ദ്രന്‍നായരുടെ മകന്‍ രാജേഷ്(21), കുളത്തൂര്‍ മരുക്കാട് വി.വി. മന്ദിരം ബാഹുലേയന്റെ മകന്‍ ഭരത് (24), അരശുമൂട് അമ്പിളിഭവന്‍ മോഹനന്റെ മകന്‍ മനു (18) എന്നിവരാണ് മരിച്ചത്.
ഗീതാഭവനില്‍ ജയകുമാറിന്റെ മകന്‍ ദീപക്, കഴക്കൂട്ടം വാഴവിള ചന്ദ്രമോഹന്‍നായരുടെ മകന്‍ രഞ്‌ജിത്ത്, കഴക്കൂട്ടം പുലരിവീട്ടില്‍ സദാശിവന്റെ മകന്‍ ഷിബി എന്നു വിളിക്കുന്ന ശബരി, ഡ്രൈവര്‍ മണ്‍വിള രഘുഭവന്‍ ഭാസ്‌കരന്റെ മകന്‍ ശിവകുമാര്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ബുധനാഴ്‌ച രാത്രി കഴക്കൂട്ടം കുളത്തൂരില്‍നിന്ന് കെഎല്‍ 01 – എ എല്‍ 8935 ടാറ്റാ സുമോയില്‍ യാത്ര തിരിച്ച ഒമ്പതംഗ സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ ഉച്ചയോടെ ഡാമില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ അഞ്ചു പേരാണ് മുങ്ങിമരിച്ചത്. ഇവര്‍ ഒഴുക്കില്‍പ്പെട്ടു പോകുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പോലീസിനോടു പറ ഞ്ഞു. ഇവരുടെ മൃത ദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മന്ത്രി സി.ദിവാകരന്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. മന്ത്രിക്കൊപ്പം ജില്ലാകളക്‌ടര്‍ അശോക് കുമാര്‍ സിംഗ്, എസ്. രാജേന്ദ്രന്‍ എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാനെത്തി. ഇന്നു രാവിലെ ഏഴിന് പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വിനോദസഞ്ചാരത്തിന് ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്നെത്തിയ എട്ടംഗസംഘം മൂന്നാര്‍ എസ്.എന്‍. ടൂറിസം ഹോമില്‍ മുറിയെടുത്തു. തുടര്‍ന്ന് മാട്ടുപ്പെട്ടി ഭാഗങ്ങളില്‍ കറങ്ങിയശേഷം ഉച്ചയ്‌ക്ക് 1.45യോടെ മൂന്നാര്‍ കുണ്ടളയിലെത്തി. ബോട്ടിംഗ് മേഖലയില്‍ നിന്ന് അരകിലോമീറ്റര്‍ അകലെ അപകടമേഖലയായ കുണ്ടളയില്‍ സംഘം കുളിക്കാനിറങ്ങുകയായിരുന്നു.
ആദ്യസംഘത്തില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ രക്ഷിക്കാനിറങ്ങി. ഇവരും അപകടത്തില്‍പ്പെട്ടതോടെ സംഘാംഗങ്ങള്‍ നാട്ടുകാരുടെ സഹായം തേടുകയായിരു ന്നു. ബോട്ടിംഗ് ന ടത്തിയശേഷം തിരിച്ചു ബോട്ടുമായി വന്ന ഡ്രൈവര്‍ രാജേഷിന് ഒരാളെ രക്ഷിക്കാന്‍ സാധിച്ചു. ആദ്യം രതീഷിന്റെ മൃതദേഹം ലഭിച്ചു. പിന്നീട് ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് നാലുമണിക്കൂറോളം തെരച്ചില്‍ നടത്തിയശേഷമാണ് മൃതദേഹ ങ്ങള്‍ ലഭിച്ചത്.
നാലുപേരുടെ മൃതദേഹങ്ങള്‍ വൈകുന്നേരം ആറരയോടെയാണ് കണ്ടെത്താനായത്. നാലുപേരുടെയും മൃതദേഹങ്ങള്‍ ഒരു സ്ഥലത്താണ് കാണപ്പെട്ടത്. ഇവരില്‍ രണ്ടു പേര്‍ വീതം കെട്ടിപ്പിടിച്ച നിലയിലായിരുന്നു. സംഭവസ്ഥലം അപകടമേഖലയാണെന്ന തങ്ങളുടെ മുന്നറിയിപ്പ് യുവാക്കള്‍ അവഗണിച്ചതായി നാട്ടുകാര്‍ പറയുന്നു.
അപകടത്തില്‍ മരിച്ച രാജേഷ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. ഓണാവധിക്കു നാട്ടിലെത്തിയ രാജേഷിനൊപ്പം വിനോദയാത്രയ്‌ക്കു പുറപ്പെട്ടതാണ് സുഹൃത്തുക്കള്‍. മരിച്ച രതീഷ് സ്വകാര്യ സ്‌കൂളിലെ ജീവനക്കാരനാണ്. എഡിറ്റിംഗ് വിദ്യാര്‍ഥിയാണ് മനു. മൂന്നാറില്‍ നിന്ന് ഇന്നു തേക്കടിക്കു പോകാനായിരുന്നു ഇവരുടെ പദ്ധതി.
Discussion about this post