കുമളി: ബലക്ഷയം സംഭവിച്ച മുല്ലപ്പെരിയാര്‍ ഡാമിനെ താങ്ങിനിര്‍ത്തിയിരിക്കുന്ന ഭിത്തിക്കും ഉറപ്പില്ല. 1979-ല്‍ അണക്കെട്ടു ബലപ്പെടുത്തുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം താത്കാലിക സംവിധാനം എന്ന നിലയിലാണ് അണക്കെട്ടിന്റെ പിന്നില്‍ താങ്ങുഭിത്തി നിര്‍മിച്ചത്. അടിത്തറപോലുമില്ലാതെ കോണ്‍ക്രീറ്റും കല്ലും കൂട്ടിയിട്ട് പ്രധാന ഡാമിനു താങ്ങായി നിര്‍മിച്ച ഭിത്തിക്ക് ഇരുവശത്തും പിടിത്തമില്ല. ഡാമിലെ സ്പില്‍വേകളുടെ എണ്ണം കൂട്ടാന്‍ കുഴിച്ചെടുത്ത മണ്ണുകൊണ്ട് താങ്ങുഭിത്തിയുടെ വശത്ത് മലയുണ്ടാക്കി ഭിത്തിയില്‍ മുട്ടിച്ചതാണ്.
താങ്ങുഭിത്തിയിലാണ് അണക്കെട്ടിലെ ഗാലറിയുമുള്ളത്. മുല്ലപ്പെരിയാര്‍ ഡാം മുന്‍വശവും പിന്‍വശവും ഒരുപോലെ സാധാരണ ഭിത്തിപോലെയാണു നിര്‍മിച്ചിരിക്കുന്നത്. താങ്ങുഭിത്തിയുണ്ടാക്കിയപ്പോഴാണ് പിന്‍ഭാഗം ചെരിച്ചത്. ബലം പരിശോധിക്കാന്‍ നടത്തിയ ബോര്‍ഹോള്‍ പരിശോധനയിലാണു ഡാമിന്റെ ഭാരം കുറഞ്ഞു ഗുരുതരാവസ്ഥയിലാണെന്ന് തെളിഞ്ഞിരിക്കുന്നത്. ഇരുവശവും കല്ലുകെട്ടി നടുക്ക് സുര്‍ക്കി നിറച്ചാണ് ഡാം നിര്‍മിച്ചതെന്നാണ് കരുതുന്നത്.
സാധാരണ കല്‍ക്കെട്ടുഡാം പോ ലെ കല്ല് സുര്‍ക്കികൊണ്ട് കെട്ടിയാണ് ഡാം നിര്‍മിച്ചതെന്ന അഭിപ്രായവുമുണ്ട്. നിര്‍മാണം സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ ലഭ്യമല്ല. സുര്‍ക്കി ഉപയോഗിച്ചാണു ഡാം നിര്‍മിച്ചിരിക്കുന്നതെന്നു മാത്രമേ ചരിത്ര രേഖയുള്ളൂ. ഏതുതരത്തില്‍ ഡാം നിര്‍മിച്ചാലും ഡാമിന്റെ ഉള്‍വശം പൊള്ളയാണെന്ന തെളിവാണു ബോര്‍ ഹോള്‍ പരിശോധനയില്‍ വ്യക്തമാകുന്നത്. ബോര്‍ഹോള്‍ പരിശോധനയില്‍ സുര്‍ക്കിയുടെ അംശങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പാറക്കഷണങ്ങളാണ് ബോര്‍ഹോളില്‍നിന്നു പുറത്തുവരുന്നത്.
ഡാം ബലവത്താണെങ്കില്‍ പാറയുടേയോ സുര്‍ക്കിയുടേയോ പൊടിയാത്ത ഭാഗങ്ങള്‍ സിലിണ്ട്‌റിക്കല്‍ രൂപത്തില്‍ പുറത്തുകിട്ടണം. പാറക്കഷണങ്ങള്‍ കിട്ടുന്നത് ഡാമിനു ഉള്‍വശത്ത് പാറകളും സുര്‍ക്കിയും ബന്ധം വിട്ട് കിടക്കുകയാണെന്നതിനു തെളിവാണ്. ഡാമിലെ ചോര്‍ച്ച താങ്ങുഭിത്തിയും കടന്നു പുറത്തുവരുന്നുണ്ട്. കാലങ്ങളായി ഉണ്ടായിരിക്കുന്ന ചോര്‍ച്ച താങ്ങുഭിത്തിയിലും പൊള്ളയായ ഭാഗങ്ങളുണ്ടാക്കിയിട്ടുണ്ട്.
ഡാം തകര്‍ന്നാല്‍ താങ്ങുഭിത്തിക്കു വെള്ളം തടഞ്ഞുനിര്‍ത്താന്‍ ശേഷിയുണ്ടാവില്ല. ഡാം മറിയാതിരിക്കാനുള്ള ഒരു താങ്ങുമാത്രമാണു താങ്ങുഭിത്തി. ഇതിനു ഡാമിന്റെ ഒരു സ്വഭാവവുമില്ല. ബോര്‍ഹോള്‍ പരിശോധനയിലും അണ്ടര്‍വാട്ടര്‍ സ്‌കാനിംഗ് റിപ്പോര്‍ട്ടിലും ഡാമിന്റെ ഭാരം കുറയുകയും ബലം നഷ്ടപ്പെടുകയും ചെയ്തതായി വ്യക്തമാണ്. ഉയര്‍ന്ന അളവില്‍ ഡാമില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് അപകടം ഉണ്ടാക്കുമെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാവുകയാണ്.
Discussion about this post