കൊച്ചി: വിളപ്പില്‍ശാല മാലിന്യപ്രശ്‌നം അതീവ ഗുരുതരമെന്ന് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍. പ്ലാന്റിനകത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അപാകതയും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതിന്റെ അപകടാവസ്ഥയും ചൂണ്ടിക്കാട്ടി കമ്മിഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മലിനീകരണം തടയാന്‍ അടിയന്തര നടപടി വേണമെന്നു റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. അഭിഭാഷക കമ്മിഷനു പുറമെ മലീനീകരണ നിയന്ത്രണബോര്‍ഡും പ്രത്യേകം റിപ്പോര്‍ട്ട് നല്‍കി. പ്ലാന്റില്‍ നിന്നുളള മാലിന്യ ചോര്‍ച്ച മൂലം കരമനയാറും സമീപത്തെ മറ്റു ജലശ്രോതസുകളും മലിനമാകുന്നതായി മലിനീകരണ നിയന്ത്രണബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. സാംക്രമിക രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. ഇതിനു പരിഹാരമായി കുഴിബണ്ട് നിര്‍മിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നു.
വിളപ്പില്‍ പഞ്ചായത്ത് പൂട്ടിയ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പുനരാംരഭിക്കാന്‍, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്. ഇതേത്തുടര്‍ന്ന് അഡ്വ. കെ.മീര ശനിയാഴ്ച വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ കേന്ദ്രം പരിശോധിച്ചു. മലിനീകരണം തടയാനുളള സുരക്ഷാ മുന്‍കരുതല്‍, മാലിന്യംതള്ളുന്ന സ്ഥലവും പുഴയും തമ്മിലുളള ദൂരം, പ്ലാന്റിന്റെ പ്രവര്‍ത്തനക്ഷമത, ലീച്ചെയ്റ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷന്‍ പ്രധാനമായും പരിശോധിച്ചത്. ഇക്കാര്യങ്ങളിലുളള കമ്മീഷന്റെ കണ്ടെത്തലുകളാണു റിപ്പോര്‍ട്ടിലുള്ളത്.
Discussion about this post