പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളെ കുടിയൊഴിപ്പിച്ചും പരിസ്ഥിതിക്കു ദോഷമുണ്ടാക്കിയും വിമാനത്താവളം വരുന്നതിനോടു ഡിവൈഎഫ്‌ഐയ്ക്കു യോജിപ്പില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
വിമാനത്താവളത്തിന്റെ പേരില്‍ മൂന്നു വില്ലേജുകളിലായി രണ്ടായിരത്തോളം സര്‍വേനമ്പരുകളും സബ്ഡിവിഷനുകളും ഉള്‍പ്പെടുത്തി വ്യവസായ മേഖലാ പ്രഖ്യാപനം നടത്തിയതു ദുരൂഹമാണ്. അനധികൃതമായി മണ്ണിട്ടു നികത്തിയും ഇതിനെതിരേ നിയമനടപടി മറഞ്ഞുവച്ച് നിയമവിരുദ്ധമായി കൈമാറ്റം ചെയ്ത ഭൂമി ഉള്‍പ്പെടെയുള്ള ഭൂപ്രദേശമാണ് ഒരു സ്വകാര്യ കമ്പനിക്കുവേണ്ടി വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. വിമാനത്താവളം ഉണ്ടാക്കണമെങ്കില്‍ ഭൂപ്രദേശം വ്യവസായമേഖലയായി പ്രഖ്യാപിക്കേണ്ട ആവശ്യവുമില്ലെന്ന് ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ പല പ്രദേശങ്ങളിലും നിലവിലുള്ള നിയമങ്ങളും മറികടക്കുന്നതിനും നികുതികളില്‍ നിന്നും ഇളവുകള്‍ നല്കുന്നതിനുമായി സ്വകാര്യ സംരംഭകര്‍ക്ക് ഇത്തരം പ്രത്യേക സാമ്പത്തിക വ്യവസായ മേഖലയായി പ്രഖ്യാപിക്കേണ്ട ആവശ്യവുമില്ല.
ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു ആറന്മുളയില്‍ ബഹുജന കണ്‍വന്‍ഷന്‍ പി.ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. ജില്ലാ സെക്രട്ടറി ജി.കൃഷ്ണകുമാര്‍, പ്രസിഡന്റ് പി.ആര്‍.പ്രദീപ്, കോഴഞ്ചേരി ഏരിയാ സെക്രട്ടറി പി.ബി.സതീഷ് കുമാര്‍, പ്രസിഡന്റ് വി.വിനോദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post