ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നയ്ക്ക് പരിഗണിക്കാനായി സമര്‍പ്പിക്കപ്പെട്ടവരുടെ പട്ടികയില്‍ ഹോക്കി താരം ധ്യാന്‍ചന്ദും പര്‍വ്വതാരോഹകന്‍ ടെന്‍സിങ് നോര്‍ഗെയും. അതേസമയം ക്രിക്കറ്റ് വിസ്മയം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേര് പട്ടികയിലില്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
ചില ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയാണിത്. കായികമന്ത്രാലയം സമര്‍പ്പിച്ച പട്ടികയില്‍ നിന്ന് സച്ചിന്റെ പേര് ഒഴിവാക്കിയെന്നുമാണ് റിപ്പോര്‍ട്ട്. സച്ചിന്‍ ഉള്‍പ്പെടെ ആരുടേയും പേര് ബി.സി.സി.ഐയും കായികമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കലാ-സാംസ്‌കാരികം, സാഹിത്യം, ശാസ്ത്രം എന്നീ വിഭാഗങ്ങളിലെ സമഗ്രസംഭാവനയ്ക്കാണ് ഭാരതരത്‌ന നല്‍കിയിരുന്നത്.
എന്നാല്‍ കായികമന്ത്രി അജയ് മാക്കന്‍ പ്രധാനമന്ത്രിയോട് കായികതാരങ്ങളെ കൂടി ഭാരതരത്‌നയ്ക്ക് പരിഗണിക്കണമെന്ന് പ്രത്യേകം ആവശ്യപ്പെടുകയും അത് അംഗീകരിക്കപ്പെടുകയുമായിരുന്നു. സച്ചിന് ഭാരതരത്‌ന നല്‍കുക എന്ന ഉദ്ദേശ്യവും ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ അന്തിമപരിഗണനാ പട്ടികയില്‍ സച്ചിനില്ലെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. പ്രമുഖ സംഗീതകാരന്‍ പണ്ഡിറ്റ് ഭീംസെന്‍ ജോഷിയാണ് ഏറ്റവും ഒടുവില്‍ ഭാരതരത്‌ന ലഭിച്ച വ്യക്തി.
Discussion about this post