കണ്ണൂര്‍: ഡോ.സുകുമാര്‍ അഴീക്കോട് ഓര്‍മ്മയായി. വിലാപയാത്രയായി പയ്യാമ്പലം കടപ്പുറത്തെത്തിച്ച ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മരുമക്കളും സെക്രട്ടറി സുരേഷും ചേര്‍ന്നു ചിതയ്ക്ക് തീ കൊളുത്തി. ഉച്ചയ്ക്ക് 12.15 നാണു സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. ബന്ധുക്കളുടെ താല്‍പ്പര്യപ്രകാരം പരമ്പരാഗത രീതിയില്‍ ചിതയൊരുക്കി സംസ്‌കാരം നടത്തി. അതിരാവിലെ കണ്ണൂര്‍ മഹാത്മാ മന്ദിരത്തിലെത്തിച്ച ശേഷം പിന്നീട് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിനു പേരാണ് എത്തിയത്.
കേന്ദ്ര സഹമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, മന്ത്രി കെ.സി.ജോസഫ്, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കെ. സുധാകരന്‍ എംപി, എം. മുകുന്ദന്‍ തുടങ്ങിയവര്‍ രാവിലെ അഴീക്കോടിന് അന്ത്യോപചാരം അര്‍പ്പിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ ഉള്ളവര്‍ക്കു പുറമെ സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവരുടെ നീണ്ട നിര രാവിലെ മുതല്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ദൃശ്യമായിരുന്നു. തുടര്‍ന്നു വിലാപയാത്രയിലും വന്‍ ജനാവലി പങ്കു ചേര്‍ന്നു.
തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ ഇന്നലെ രാവിലെ 6.33ന് ആയിരുന്നു അഴീക്കോടിന്റെ അന്ത്യം. ഇന്നലെ രാവിലെ തൃശൂര്‍ ഇരവിമംഗലത്തെ വീട്ടിലെത്തിച്ച മൃതദേഹം പിന്നീടു 10 മണിയോടെ സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിനു വച്ചു. നാലു മണിയോടെ കോഴിക്കോട്ടേക്കു കൊണ്ടുപോയി. സന്ധ്യയോടെ കാലിക്കറ്റ് സര്‍വകലാശാലയിലും തുടര്‍ന്നു കോഴിക്കോട് ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനു വച്ചു. അതിനുശേഷമാണ് കണ്ണൂരിലെത്തിച്ചത്
Discussion about this post