പുതുച്ചേരി: വ്യാഴാഴ്ച അന്തരിച്ച കേരള ഗവര്‍ണര്‍ എം.ഒ.എച്ച്. ഫറൂഖിനു രാഷ്ട്രം അന്ത്യാഞ്ജലിയര്‍പ്പിച്ചു. കബറടക്കം ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ വൈകുന്നേരം പുതുച്ചേരിയിലെ ഉപ്പളം കബര്‍സ്ഥാനില്‍ നടത്തി. വൃക്കരോഗത്തെത്തുടര്‍ന്നു ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം.ഒ.എച്ച്. ഫറൂഖ് (75) വ്യാഴാഴ്ച രാത്രി 9.10നാണ് അന്തരിച്ചത്. വൃക്കരോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു രണ്ടുമാസമായി ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചെന്നൈയില്‍നിന്നു പ്രത്യേക ഹെലികോപ്ടറില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെ പുതുച്ചേരിയില്‍ എത്തിച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. പുതുച്ചേരി ഫഫ്രാന്‍ സ്ട്രീറ്റില്‍ ബീച്ച് റോഡിലുള്ള ഫറൂഖിന്റെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ രാവിലെ തന്നെ സ്ഥലത്തെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്ത്യോപചാരമര്‍പ്പിച്ചു. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രിമാരായ കെ.സി. ജോസഫ്, അടൂര്‍ പ്രകാശ്, ഡോ.എം.കെ. മുനീര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഡിജിപി ജേക്കബ് പുന്നൂസ്, പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവരും പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമി, മുന്‍ മുഖ്യമന്ത്രി വൈദ്യലിംഗം, മുന്‍ മന്ത്രി ഇ.വല്‍സരാജ് എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കുവേണ്ടിയും റീത്ത് സമര്‍പ്പിച്ചു.
ഉച്ചയോടെ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി, വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. നാരായണസ്വാമി എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. പുതുച്ചേരി ലഫ്. ഗവര്‍ണര്‍ ഡോ.ഇഖ്ബാല്‍ സിംഗ്, മന്ത്രിമാരായ രാജവേല്‍, പനീര്‍ശെല്‍വം, ത്യാഗരാജന്‍, ചന്ദ്രഹാസന്‍ എന്നിവരും ചീഫ് സെക്രട്ടറി എം.സത്യവതി, വകുപ്പു സെക്രട്ടറിമാര്‍ തുടങ്ങിയിവരും ആദരാഞ്ജലി അര്‍പ്പിച്ചു.
ജാര്‍ഖണ്ഡില്‍നിന്നുള്ള സംഘവും മൃതദേഹത്തിനു പ്രണാമമര്‍പ്പിച്ചു. കേരള രാജ്ഭവനില്‍നിന്നു സെക്രട്ടറിയുടെ ചുമതലയുള്ള സഞ്ജീവിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് ഫറൂഖ് കേരള ഗവര്‍ണറായി ചുമതലയേറ്റത്. മൂന്നു മാസത്തിനുശേഷം ചെന്നൈ യാത്രയ്ക്കിടെ അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയിലാകുകയായി രുന്നു.ഇക്കാലയളവില്‍ കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിനു കേരള ഗവര്‍ണറുടെ അധികച്ചുമതല നല്‍കപ്പെട്ടു. പരേതയായ ഖദീജ നാച്ചിയാളാണു ഭാര്യ. പുതുച്ചേരി മുന്‍മന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായ ഷാജഹാന്‍ മകനും ജാസ്മിന്‍, മല്ലിക എന്നിവര്‍ പുത്രിമാരുമാണ്.
Discussion about this post