മാരാരിക്കുളം: ക്ഷേത്ര കൊടിമരത്തില്‍ ദേവിയുടെ വാഹനമായ കാളയെ പ്രതിഷ്ഠിക്കുന്ന സമയം പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നിടത്തേക്കു കയര്‍പൊട്ടിച്ചെത്തിയ മണികണ്ഠനെന്ന കാളയെ കാണുവാന്‍ വന്‍ഭക്തജനത്തിരക്ക്. മാരാരിക്കുളം മഹാദേവക്ഷേത്രത്തില്‍ പാര്‍വതീദേവിയുടെ ധ്വജപ്രതിഷ്ഠ നടക്കുമ്പോഴാണ് ആയിരക്കണക്കിനു ഭക്തര്‍ക്കിടയിലൂടെ മണികണ്ഠനെത്തിയത്. തന്ത്രി മോനാട്ട് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പാര്‍വതി ദേവിയുടെ ധ്വജപ്രതിഷ്ഠകള്‍ നടക്കുമ്പോഴാണു ദേവസ്വത്തിന്റെ മണികണ്ഠന്‍ എന്ന കാള കയര്‍ പൊട്ടിച്ച് എത്തിയത്. ക്ഷേത്രത്തിനു പടിഞ്ഞാറ് ഹരിണതീര്‍ഥക്കുളത്തിനരികില്‍ കെട്ടിയിരുന്ന കാളയാണ് അന്‍പതു മീറ്ററോളം അകലെയുള്ള കൊടിമരച്ചുവട്ടിലെത്തിയത്. കൊടിമരത്തില്‍ കയറുവാനും ശ്രമിച്ച കാള മറ്റാരെയും ഉപദ്രവിക്കുവാനും ശ്രമിച്ചില്ല.
ഭക്തജനങ്ങളുടെ ശരണം വിളികള്‍ക്കിടയില്‍ ധ്വജപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായപ്പോള്‍ കാള തനിയെ അതിനെ കെട്ടിയിരുന്ന സ്ഥലത്തേക്കു മടങ്ങുകയും ചെയ്തു. വിവരമറിഞ്ഞ് അനേകമാളുകളാണു കാളയെ കാണുവാന്‍ ക്ഷേത്രത്തിലേക്ക് എത്തുന്നത്. പഞ്ചകോടി പഞ്ചാക്ഷരജപയജ്ഞം നടക്കുന്ന ക്ഷേത്രത്തിലെ പഞ്ചമുഖ രുദ്രാക്ഷം ഇതാദ്യമായി കായ്ച്ചതും ഭക്തരെ അതിശയിപ്പിച്ചിരുന്നു.
പാര്‍വതീ ദേവിക്ക് നേരത്തെ താല്‍ക്കാലിക കൊടിമരത്തിലാണ് ഉല്‍സവത്തിന് കൊടിയേറ്റിയിരുന്നത്. ഫെബ്രുവരി മൂന്നിനാണ് കര്‍പ്പൂരാദികലശം നടക്കുക. രാവിലെ 9.16ന് ചടങ്ങുകള്‍ തുടങ്ങും. പഞ്ചകോടി പഞ്ചാക്ഷരജപ യജ്ഞത്തിന്റെ സമാപനമായ അഞ്ചിന് ലക്ഷദീപവും നടത്തും. രാത്രി ഏഴിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ പ്രിന്‍സ് അശ്വതി തിരുനാള്‍ രാമവര്‍മ പങ്കെടുക്കും. ക്ഷേത്രത്തിലെ ഉല്‍സവം 12ന് കൊടിയേറി 21ന് ആറാട്ടോടെ സമാപിക്കും.
Discussion about this post