ചെറുകോല്‍പ്പുഴ(പത്തനംതിട്ട): ജനകീയ മുന്നേറ്റങ്ങള്‍കൊണ്ട് ശക്തിയാര്‍ജിച്ച മഹാപ്രസ്ഥാനമാണ് ഹിന്ദുമതമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പണിത വിദ്യാധിരാജാ സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചര്‍ച്ചകളിലൂടെ ഉടലെടുത്ത തത്ത്വസംഹിതകളാണ് ഹിന്ദുമതത്തിന്റെ ശക്തി. സംവാദം ജനാധിപത്യത്തിന്റെ അടിത്തറയാണ്. ശങ്കരാചാര്യനും സ്വാമി വിവേകാനന്ദനും ചട്ടമ്പിസ്വാമികളും സംവാദങ്ങളിലൂടെ സ്ഫുടംചെയ്ത് നല്‍കിയ ദര്‍ശനങ്ങള്‍ അനശ്വരങ്ങളാണ്. അത് ഏതുകാലത്തെയും അതിജീവിക്കും. പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ അത് മനുഷ്യന് സഹായകമാവും മന്ത്രി പറഞ്ഞു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് അധ്യക്ഷത വഹിച്ചു. പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദതീര്‍ത്ഥപാദര്‍ വിഗ്രഹസമര്‍പ്പണം നടത്തി. ആഹാരവും വായുവും പോലെ വിദ്യാഭ്യാസവും മനുഷ്യന് ആവശ്യമാണെന്ന് സ്വാമി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ മഹത്വം തിരിച്ചറിഞ്ഞവരാണ് ഹൈന്ദവ ആചാര്യന്മാര്‍. ധര്‍മ്മം പാലിക്കുന്ന സമൂഹത്തിനേ നിലനില്‍ക്കാനാവൂ എന്നു സ്വാമി പറഞ്ഞു.
അയിരൂര്‍ ജ്ഞാനാനന്ദാശ്രമം മഠാധിപതി സ്വാമി ചിദ്ഭവാനന്ദ സരസ്വതി, ഇടപ്പാവൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി ഗൗരീശാനന്ദ തീര്‍ത്ഥപാദര്‍, തന്ത്രി ലാല്‍ പ്രസാദ് ഭട്ടതിരി, ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി അഡ്വ. എം.പി.ശശിധരന്‍ നായര്‍, സ്മൃതിമണ്ഡപ നിര്‍മ്മാണ സമിതി കണ്‍വീനര്‍ എന്‍.പി.ശങ്കരനാരായണ പിള്ള എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post