ചെറുകോല്‍പ്പുഴ (പത്തനംതിട്ട): കാരുണ്യത്തിന്റെ ജലം ഒഴുകിയാല്‍ മനസ്സ് വൃന്ദാവനമാകുമെന്ന് മാതാ അമൃതാനന്ദമയീ ദേവി. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാതാ അമൃതാനന്ദമയീ ദേവി. സനാതന ധര്‍മ്മത്തില്‍ എല്ലാം ഈശ്വരന്‍ ആണെന്ന് അമ്മ പറഞ്ഞു. ഭൂമി സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണ്. അതിന് മനസ്സ് സ്‌നേഹവും ആത്മവിശ്വാസവും കൊണ്ട് നിറയ്ക്കണം. തമ്മില്‍ സ്‌നേഹിച്ച് ജീവിതം ആസ്വദിക്കണമെന്ന് അമ്മ പറഞ്ഞു. അന്ധമായ അനുകരണം തളര്‍ത്തുമെന്നും അമ്മ അഭിപ്രായപ്പെട്ടു.
ക്ഷേത്രങ്ങള്‍ അറിവിന്റെയും സാധനയുടെയും കേന്ദ്രം ആവണം. ഏഴു നിറങ്ങള്‍ ചേരുമ്പോള്‍ മഴവില്ല് ഉണ്ടാവുന്നതുപോലെ ഒരുമ ഉള്ളിടത്ത് സൗന്ദര്യം ഉണ്ടാവും. കള്ള്, കനകം, കാമം എന്നിവയാണ് കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ എന്ന് മാതാ അമൃതാനന്ദമയീ ദേവി അഭിപ്രായപ്പെട്ടു. ‘പുരുഷന്മാര്‍ സ്ത്രീകളുടെ രക്ഷകരല്ല, അവരുടെ മാംസം കൊതിക്കുന്ന ഭക്ഷകരായി മാറിയിരിക്കുകയാണ്’. മനുഷ്യര്‍ ഇന്ന് ദ്വീപുകളായി മാറിയിരിക്കുന്നു. സ്വന്തം കാര്യങ്ങളാല്‍ ചുറ്റപ്പെട്ട ദ്വീപുകള്‍. മനുഷ്യസ്‌നേഹം നഷ്ടമായതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചിരി ആത്മാവിന്റെ സംഗീതമാണെന്ന് അമ്മ പറഞ്ഞു. സ്‌നേഹമുണ്ടെങ്കിലേ കുടുംബബന്ധങ്ങള്‍ ശിഥിലമാകാതിരിക്കൂ.ലക്ഷ്യം തെറ്റിയ മനുഷ്യരാണ് ഇന്നെവിടെയും.
ഉത്സവങ്ങളുടെ ധൂര്‍ത്തില്‍ വേദന തോന്നിയ ചട്ടമ്പിസ്വാമികള്‍ ജ്ഞാനകവാടം തുറക്കുകയായിരുന്നു. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് 100 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ മാതാ അമൃതാനന്ദമയീ ദേവി സന്തോഷം പ്രകടിപ്പിച്ചു. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ആധ്യക്ഷ്യം വഹിച്ചു. എം.പി. മാരായ പി.ജെ. കുര്യന്‍, ആന്‍േറാ ആന്റണി, എം.എല്‍.എ. മാരായ രാജു ഏബ്രഹാം, അഡ്വ. കെ. ശിവദാസന്‍ നായര്‍, ശിവാനന്ദസ്വാമി (ശൃംഗേരിമഠം), വേദാനന്ദ സരസ്വതി (പെരുവ ആശ്രമം), ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് സ്വാഗതവും എ.ജി. ഹരിഹരന്‍ നായര്‍ നന്ദിയും പറഞ്ഞു.
Discussion about this post