തിരുവനന്തപുരം: കിളിരൂര്‍ പീഡന കേസില്‍ അഞ്ചു പ്രതികള്‍ കുറ്റക്കാരെന്നു തിരുവനന്തപുരം സിബിഐ കോടതി. തിരുവനന്തപുരം സിബിഐ കോടതി സ്ഥാപിച്ചതിനു ശേഷം ആദ്യമായി പ്രസ്താവിക്കുന്ന വിധി ആണിത്.
ലതാനായര്‍, പ്രവീണ്‍, കൊച്ചുമോന്‍, മനോജ്, പ്രശാന്ത് എന്നിവരെയാണു കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്. ബലാല്‍സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവര്‍ക്കുളള ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും.
സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി 2003 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളില്‍ പാര്‍പ്പിച്ച് ശാരിയെ പീഡിപ്പിക്കുകയും ഒടുവില്‍ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ശാരി മരിക്കുകയും ചെയ്തതാണ് കേസിന് ആധാരം. 2011 ഒക്‌ടോബറിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 67 സാക്ഷികളെ വിസ്തരിച്ചു. 48 രേഖകള്‍ ഹാജരാക്കി.
കിളിരൂര്‍ കേസിന്റെ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കാന്‍ ഏഴുവര്‍ഷമെടുത്തു. സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു ശാരിയെ പീഡിപ്പിക്കുന്നതിനു കൂട്ടു നിന്നെന്നാണു ലതാ നായര്‍ക്കെതിരായ ആരോപണം. ഭര്‍ത്താവിന് അസുഖമാണെന്നും സാമ്പത്തികമായി പിന്നാക്കാവസ്ഥയാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് തരണമെന്നും ലതാ നായര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ഏഴാം പ്രതി സോമനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചു.
Discussion about this post