തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പിന് 16 വര്‍ഷത്തേക്ക് 479.54 കോടിരൂപ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കണമെന്ന് വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടു. തുറമുഖത്തിന്റെ സൂപ്പര്‍ സ്ട്രക്ചര്‍ നിര്‍മിക്കാന്‍ ഏകദേശം 1100 കോടി നിക്ഷേപിക്കുമ്പോഴാണ് ഇത്രയും തുക നടത്തിപ്പിനായി ഇവര്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെടുന്നത്. പദ്ധതിക്കായി സമര്‍പ്പിച്ച സാമ്പത്തിക ടെന്‍ഡറിലാണ് ഈ നിബന്ധന. ടെന്‍ഡര്‍ തിങ്കളാഴ്ച തുറന്നു. വെല്‍സ്പണിന്റെ ടെന്‍ഡര്‍ സ്വീകരിക്കണോയെന്നത് വിവിധ ഘട്ടങ്ങളിലെ വിലയിരുത്തലിനുശേഷം തീരുമാനിക്കും. സാങ്കേതിക യോഗ്യത നേടിയ മുന്ദ്ര പോര്‍ട്ടിന് സുരക്ഷാഅനുമതി ലഭിക്കാത്തതിനാല്‍ വെല്‍സ്പണ്‍ മാത്രമാണ് രംഗത്തുള്ളത്. ടെന്‍ഡര്‍ സ്വീകാര്യമല്ലെങ്കില്‍ വീണ്ടും ആഗോള ടെന്‍ഡര്‍ വിളിക്കേണ്ടിവരും. ആദ്യവര്‍ഷങ്ങളില്‍ തുറമുഖ നടത്തിപ്പ് ലാഭകരമല്ലെന്ന് കണ്ടതിനാലാവണം ഇത്രയും തുക വെല്‍സ്പണ്‍ ആവശ്യപ്പെടുന്നതെന്നാണ് നിഗമനം.
തുറമുഖ നടത്തിപ്പിന് തിരഞ്ഞെടുക്കപ്പെടാനാണ് വെല്‍സ്പണ്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചത്. 30 വര്‍ഷത്തേക്കാണ് കരാര്‍. ഈ 30 വര്‍ഷങ്ങളില്‍ ആദ്യത്തെ പതിനാറ് വര്‍ഷത്തേക്കാണ് 479.54 കോടിരൂപ സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെടുന്നത്. ഓരോവര്‍ഷവും നിശ്ചിത തുക നല്‍കണം.
4010 കോടിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ചെലവുകണക്കാക്കുന്നത്. ഇതില്‍ തുറമുഖ നടത്തിപ്പുകാരില്‍ (ഓപ്പറേറ്റര്‍) നിന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന നിക്ഷേപം 970 കോടിയാണ്. തുറമുഖത്തിന്റെ നടത്തിപ്പും സൂപ്പര്‍ സ്ട്രക്ചറിന്റെ നിര്‍മാണവുമാണ് ഓപ്പറേറ്റര്‍ ചെയ്യേണ്ടത്. സൂപ്പര്‍ സ്ട്രക്ചര്‍ നിര്‍മിക്കാന്‍ 1100 കോടി രൂപ മുതല്‍മുടക്കേണ്ടിവരുമെന്നാണ് വെല്‍സ്പണ്‍ ടെന്‍ഡറില്‍ അറിയിച്ചിരിക്കുന്നത്.
വെല്‍സ്പണിന്റെ ആവശ്യങ്ങള്‍ പദ്ധതി ഉപദേഷ്ടാവായ ഇന്റര്‍ നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐ.എഫ്.സി) വിലയിരുത്തും. ഐ.എഫ്.സി യുടെ ശുപാര്‍ശയോടെ ടെന്‍ഡര്‍, ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും പരിശോധിക്കും. തുടര്‍ന്ന് മന്ത്രിസഭയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഈയാഴ്ച തന്നെ ഐ.എഫ്.സി വിശകലന റിപ്പോര്‍ട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്ക് നല്‍കും. മുന്ദ്രപോര്‍ട്ടിന് അനുമതി ലഭിക്കാത്തതിനാല്‍ വെല്‍സ്പണിന്റെ മാത്രം ടെന്‍ഡറുമായി മുന്നോട്ടുപോകുന്നതിനെച്ചൊല്ലി സര്‍ക്കാരില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാല്‍ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി ടെന്‍ഡര്‍ തുറന്നത്. കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ എ.എസ്. സുരേഷ്ബാബു, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ.ജയശങ്കര്‍ പ്രസാദ്, തുറമുഖ വകുപ്പ് ജോയിന്റ് സെക്രട്ടറി വി.അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ടെന്‍ഡര്‍ തുറന്നത്.
Discussion about this post