പത്തനംതിട്ട: ആറന്മുള വിമാനത്താവള നിര്‍മാണത്തിന്റെ മറവില്‍ നടന്ന ഭൂമി ഇടപാടുകളും സാമ്പത്തിക സ്രോതസും സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.എന്‍.ഉണ്ണി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആറന്മുളയിലെ ഏകദേശം 1500 ഏക്കര്‍ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളുമാണ് കേരള നെല്‍ത്തട തണ്ണീര്‍ത്തട നിയമം ലംഘിച്ചുകൊണ്ട് മണ്ണിട്ട് നികത്തുന്നത്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഒരു വിമാനത്താവളം ആറന്മുളയിലെ ജനങ്ങള്‍ക്ക് ആവശ്യമില്ല. ഇടതുപക്ഷ ഭരണകാലത്ത് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും എംഎല്‍എയും അനധികൃത ഭൂമി ഇടപാടില്‍ വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചു.
വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെജിഎസ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് 15ന് ഹൈക്കോടതിയില്‍ ഹാജരാകാന്‍ ബിജെപി നേതാക്കള്‍ക്ക് സമന്‍സ് ലഭിച്ചിട്ടുണ്ട്.
കോടതിയെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുമെന്നും വിമാനത്താവളത്തിനെതിരായ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Discussion about this post