തിരുവനന്തപുരം: മലയാള ഭാഷയ്ക്ക് ക്‌ളാസിക്കല്‍ പദവി നേടിയെടുക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ ചുമതലപ്പെടുത്തി. മലയാള ഭാഷ, സാഹിത്യം, പ്രാദേശിക സംസ്‌കാരം എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കും വിധം മലയാളം സര്‍വകലാശാല സ്ഥാപിക്കുന്നതു സംബന്ധിച്ചു യോഗം ചര്‍ച്ച ചെയ്തു. വരുംതലമുറകള്‍ക്ക് മലയാള ഭാഷയില്‍ താത്പര്യം വളര്‍ത്തിയെടുക്കുക എന്നതാവണം സര്‍വകലാശാലയുടെ ലക്ഷ്യമെന്ന് ഒഎന്‍വി കുറുപ്പ് പറഞ്ഞു. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് കൂടുതല്‍ ശക്തമാക്കണമെന്നു സുഗതകുമാരി നിര്‍ദേശിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിലാണ് ഇപ്പോള്‍ മലയാളം മിഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എന്നാല്‍ പ്രവാസിമലയാളികള്‍ക്കിടയില്‍ നിന്നു മുതിര്‍ന്നവരും ഭാഷാ പഠനത്തിനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവര്‍ക്കുവേണ്ടി പ്രത്യേക ക്‌ളാസുകള്‍ സജ്ജമാക്കുന്നതിനു മിഷന്‍ മുന്നോട്ടുവരണമെന്നും സുഗതകുമാരി പറഞ്ഞു. ആധുനിക കാലഘട്ടത്തില്‍ കംപ്യൂട്ടറിനെ മാറ്റിനിര്‍ത്താനാവാത്തതുകൊണ്ടുതന്നെ മലയാള ഭാഷയ്ക്കു വഴങ്ങുന്ന വിധത്തില്‍ കംപ്യൂട്ടര്‍ ഭാഷയെ മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്, എം.എം. ഹസന്‍, ജോര്‍ജ് ഓണക്കൂര്‍, അക്ബര്‍ കക്കട്ടില്‍, പുതുശേരി രാമചന്ദ്രന്‍, കെ.എല്‍. മോഹനവര്‍മ, പ്രഫ.നെടുമുടി ഹരികുമാര്‍, ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍, കെ.എന്‍.എ. ഖാദര്‍ എംഎല്‍എ, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി സാജന്‍ പീറ്റര്‍, സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post