കൊച്ചി: ലിസ് നിക്ഷേപ കേസിന്റെ അന്വേഷണം തടഞ്ഞ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവു റദ്ദാക്കിയ ഹൈക്കോടതി തുടരന്വേഷണം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എഡിജിപി ടി.പി. സെന്‍കുമാറിനെതിരേ എറണാകുളം സിജെഎം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനും കോടതി ഉത്തരവു നല്‍കിയിട്ടുണ്ട്. സിജെഎം കോടതി ഉത്തരവിനെതിരേ സര്‍ക്കാരും പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടു സെന്‍കുമാറും നല്‍കിയ അപ്പീലുകള്‍ അനുവദിച്ചാണു ജസ്റ്റിസ് എന്‍.കെ. ബാലകൃഷ്ണന്റെ ഉത്തരവ്.
പൊതുജനങ്ങളില്‍നിന്നു ലിസ് 435.56 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചതായി പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഈ കേസിന്റെ വിചാരണ എറണാകുളം ചീഫ് ജുഡീഷ്യല്‍ ഫസ്‌റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആരംഭിച്ച ശേഷം കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ കോടതിയില്‍ അപേക്ഷ നല്‍കി. ലിസ് കമ്പനിയുടെ ആസ്ഥാനത്തുനിന്നു പിടിച്ചെടുത്ത കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ പരിശോധിക്കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക വിദഗ്ധരുടെ റിപ്പോര്‍ട്ടു വരുന്നതുവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുള്ളതിനാല്‍ തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്നുമായിരുന്നു ആവശ്യം.
അപേക്ഷ നിരസിച്ച സിജെഎം കോടതി കേസിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ടി.പി. സെന്‍കുമാറിനെ നിശിതമായി വിമര്‍ശിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി സ്ഥലം മാറിപ്പോയിട്ടും സെന്‍കുമാര്‍ കേസില്‍ അനാവശ്യമായി ഇടപെടുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചത്. ലിസ് കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലിസ് അധികൃതരും ഹൈക്കോടതിയില്‍ എത്തിയിരുന്നു. ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിക്കുകയായിരുന്നു. പരാമര്‍ശങ്ങള്‍ ഉദ്യോഗസ്ഥന്റെ കരിയറിനെ പ്രതികൂലമായി ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടാണ് കോടതിയുടെ തീരുമാനം. ഒരു മാസത്തിനകം അന്വേഷണം ആരംഭിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലിസ് കേസുമായി ബന്ധപ്പെട്ട് വിചാരണയുടെ അവസാനഘട്ടത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട നടപടിക്കെതിരേ എറണാകുളം സിജെഎം കോടതി കടുത്ത ഭാഷയിലാണു വിമര്‍ശനം ഉന്നയിച്ചിരുന്നത്. കേസിലെ ഒന്നാം സാക്ഷിയും സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായ ടി.പി. സെന്‍കുമാറിന്റെ ഇടപെടല്‍ കേസില്‍ വളരെ വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നടക്കുന്ന വിചാരണയെ വിമര്‍ശിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കു കത്തെഴുതിയിരുന്നു. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പദവിയാണ് അദ്ദേഹം വഹിക്കുന്നതെങ്കിലും ഈ കേസിന്റെ നിയന്ത്രണം മുമ്പ് കേസ് അന്വേഷിച്ചിരുന്നു സെന്‍കുമാറിന്റെ കൈയിലാണ്. ലിസ് കേസില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് 2006 ജൂണില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വേഗത്തില്‍ വിചാരണ പൂര്‍ത്തീകരിക്കുക എന്നത് പ്രതികളുടെ ഭരണഘടനാപരമായ അവകാശത്തില്‍പ്പെട്ടതാണ്. അഞ്ചു വര്‍ഷക്കാലം ഇത്തരമൊരു ആവശ്യമുന്നയിക്കാതെ പോലീസ് ഉറക്കംതൂങ്ങുകയായിരുന്നോ എന്നും കോടതി ചോദിച്ചിരുന്നു.
ഇത്തരത്തിലുള്ള കോടതിയുടെ വിമര്‍ശനങ്ങള്‍ കരിയറിനെ ബാധിക്കുമെന്നതിനാല്‍ അത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സെന്‍കുമാര്‍ കോടതിയെ സമീപിച്ചത്. കേസിന്റെ പ്രധാന തെളിവായ സിഡി പരിശോധിക്കേണ്ടതുണ്ടെന്നും ഈ സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യമാണെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
Discussion about this post