തിരുവനന്തപുരം: റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കും. അപകടങ്ങള്‍ അവലോകനം ചെയ്യുന്നതിനും കാരണം കണ്ടെത്തുന്നതിനുമായി ജില്ലാസംസ്ഥാന തലങ്ങളില്‍ റോഡപകട അവലോകന സമിതികള്‍ രൂപവത്കരിക്കാനും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല സമിതി തീരുമാനിച്ചു. റോഡ് അപകടം കുറയ്ക്കുന്നതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ രണ്ടാഴ്ചകം സമര്‍പ്പിക്കാന്‍ പൊതുമരാമത്ത്, ഗതാഗത, പോലീസ് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഈ നിര്‍ദേശം കിട്ടുന്നമുറയ്ക്കായിരിക്കും സര്‍വ കക്ഷിയോഗം ചേരുന്നത്.
സംസ്ഥാന തലത്തില്‍ രൂപവത്കരിക്കുന്ന അവലോകന സമിതിയില്‍ റോഡ് സുരക്ഷാ കമ്മീഷണര്‍ ചെയര്‍മാനുംട്രാഫിക് വിഭാഗം എ.ഡി.ജി.പി., പൊതുമരാമത്ത് (നിരത്ത്) ദേശീയപാതാ വിഭാഗങ്ങളുടെ ചീഫ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും. ജില്ലാതല സമിതിയില്‍ പോലീസ് സൂപ്രണ്ട് ചെയര്‍മാനും ആര്‍.ടി.ഒ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും. ജില്ലാതല സമിതികളുടെ അവലോകന റിപ്പോര്‍ട്ടുകള്‍ സംസ്ഥാനതല സമിതിക്ക് കൈമാറണം.
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ട നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ പോലീസ്, പൊതുമരാമത്ത്, മോട്ടോര്‍ വാഹന വകുപ്പുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഇതിന് അധികമായി ആവശ്യമുള്ള ഉദ്യോഗസ്ഥരുടെയും ഉപകരണങ്ങളുടെയും കണക്കുകള്‍ സഹിതമുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹെല്‍മറ്റ് ഇല്ലാതെയും മദ്യപിച്ചും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് റോഡപകടങ്ങളില്‍ പെടുന്നവരില്‍ 72 ശതമാനവും ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരും കാല്‍നടയാത്രക്കാരുമാണ്. ഇതില്‍ 41 ശതമാനം ഇരുചക്രവാഹനം ഓടിക്കുന്നവരാണ്.
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഗതാഗത ബോധവത്കരണം നിര്‍ബന്ധമാക്കാനും യോഗം തീരുമാനിച്ചു. പുതുതായി അച്ചടിക്കുന്ന പാഠപുസ്തകങ്ങളുടെ പുറം ചട്ടയിലൂടെയും റോഡ്‌സുരക്ഷാ സന്ദേശങ്ങള്‍ പ്രചരിപ്പിക്കും. പതിനായിരത്തിലധികം വരുന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ ഏപ്രില്‍മെയ് മാസങ്ങളില്‍ സംസ്ഥാനമൊട്ടാകെ റോഡ് സുരക്ഷാ ക്യാമ്പയിന്‍ സംഘടിപ്പിക്കും. പഞ്ചായത്ത് തലത്തില്‍ ബോധവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി അതത് പ്രദേശത്തെ പോലീസ് സബ് ഇന്‍സ്‌പെക്ടറോ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറോ ഗ്രാമസഭയില്‍ നിര്‍ബന്ധമായും പങ്കെടുക്കാനും നിര്‍ദേശം നല്‍കും. വീടുകള്‍തോറും ഗതാഗത ബോധവത്കരണ സന്ദേശം എത്തിക്കുന്നതിന് പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും.
നാലുവരിപ്പാതയില്‍ തിരക്കുള്ള സ്ഥലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കായി സെ്‌കെവാക് സൗകര്യം ഏര്‍പ്പെടുത്താന്‍ പൊതുമരാമത്ത് റോഡ് വിഭാഗത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കാല്‍നടയാത്രക്കാര്‍ക്കായി പ്രത്യേകം ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ഇതിനായി മാധ്യമപ്രവര്‍ത്തകരുടെയും പ്രത്യേക യോഗം വിളിക്കും.
സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ എന്നിവയിലൂടെ റോഡ് സുരക്ഷാ പ്രചാരണം നടത്തും. സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനായി അവയുടെ നികുതി വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു.
ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്, ഡി.ജി.പി. ജേക്കബ്ബ് പുന്നൂസ്, റോഡ് സുരക്ഷാ കമ്മീഷണര്‍ എ. ഹേമചന്ദ്രന്‍, ട്രാഫിക് ആന്റ് ആംഡ് പോലീസ് എ.ഡി.ജി.പി. ആര്‍. ശ്രീലേഖ, പോലീസ്, മോട്ടോര്‍ വാഹന, പൊതുമരാമത്ത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post