തിരുവനന്തപുരം: വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കുന്നതില്‍ അലംഭാവം കാട്ടിയ കേരള സര്‍വകലാശാലയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് 10,000 രൂപ വീതം പിഴ ചുമത്തി. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സിബി മാത്യൂസാണ് പിഴ ചുമത്തിയത്. സര്‍വകലാശാല ഉദ്യോഗസ്ഥരായ പി.പി. തോമസ്, ഡയാന സ്റീഫന്‍ എന്നിവരില്‍ നിന്നു പിഴ തുകയായ 10,000 രൂപ വീതം ഈടാക്കി സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ചെയര്‍മാന്റെ ഉത്തരവ്.
2006 മുതല്‍ ക്ളറിക്കല്‍ തസ്തികയില്‍ നിന്ന് അസിസ്റന്റ് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നേടിയവരുടെ പട്ടികയും ഇവരില്‍ എത്ര പേര്‍ ബിരുദധാരികളാണെന്ന വിവരവും നല്‍കണമെന്ന് ആവശ്യപ്പെട്ട് ജി.രാധാകൃഷ്ണന്‍ നായര്‍ വിവരാവകാശ നിയമപ്രകാരം സര്‍വകലാശാല അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിനു മറുപടിയായി അപൂര്‍ണവും തെറ്റായ വിവരങ്ങളുമാണ് ഹര്‍ജിക്കാരന് സര്‍വകലാശാല നല്‍കിയത്. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ സംസ്ഥാന വിവരാവകാശ കമ്മീഷനു പരാതി നല്‍കിയത്.
വിവരങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ കാണാനില്ലെന്നു സര്‍വകലാശാല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.ഡി. പ്രിന്‍സ് നല്‍കിയ മറുപടിയേയും വിവരാവകാശ കമ്മീഷണറുടെ ഉത്തരവില്‍ വിമര്‍ശിച്ചിട്ടുണ്ട്. വിവരാവകാശ നിയമം നിലവില്‍ വന്നിട്ടും ഫയലുകള്‍ സംബന്ധിച്ച് സര്‍വകലാശാല രജിസ്ററുകള്‍ ഉണ്ടാക്കി സൂക്ഷിക്കാത്തതിനെയും ഉത്തരവില്‍ വിമര്‍ശിച്ചു.
Discussion about this post