ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയത്തിനെതിരായ പ്രക്ഷോഭത്തിന് പിന്നില്‍ അമേരിക്കയാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ആരോപിച്ചു. അമേരിക്കയിലെയും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെയും എന്‍.ജി.ഒകളാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരായ എതിര്‍പ്പിനു പിന്നിലും ഈ സംഘടനകളാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. അമേരിക്കന്‍ മാസികയായ സയന്‍സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആരോപിച്ചത്.
രാജ്യത്തെ ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ജനിതകമാറ്റം വരുത്തിയ വിളകള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. ഇതിനെതിരെ ഈ സംഘടനകള്‍ രംഗത്തുവന്നിരിക്കുകയാണ്. വികസനരംഗത്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്ന് മന്‍മോഹന്‍സിങ് അഭിമുഖത്തില്‍ ആരോപിച്ചു.
ഈ എന്‍.ജി.ഒകളുടെ എതിര്‍പ്പ് കാരണം കൂടംകുളത്തെ ആണവനിലയത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. ആയിരം മെഗാവാട്ട് വൈദ്യുതിയുടെ ഉത്പാദനമാണ് ഇത്മൂലം തടസ്സപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ഊര്‍ജപ്രശ്‌നം പരിഹരിക്കരുതെന്ന് നിര്‍ബന്ധമുള്ള ശക്തികളാണ് ഇതിന്റെ പിന്നിലെന്നും മന്‍മോഹസിങ് പറഞ്ഞു.
Discussion about this post