ന്യൂഡല്‍ഹി: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്ന് ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്‌ലി. യെദിയൂരപ്പയ്ക്കും പാര്‍ട്ടിക്കും ഇടയില്‍ ഭിന്നതയില്ല. യെഡിയൂരപ്പ സൃഷ്ടിച്ചതായ ഒരു പ്രശ്‌നവും പാര്‍ട്ടിയിലില്ല. അദ്ദേഹത്തിനു മേല്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നതെല്ലാം അടിസ്ഥാനരഹിതമാണെന്ന് ജയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ രണ്ടു ദിവസത്തേക്കു നടത്താനിരുന്ന സംസ്ഥാന തല ചിന്താമന്ഥന്‍ ബൈഠക് ഒരു ദിവസത്തേക്കാക്കി ചുരുക്കിയിട്ടുണ്ട്. ഇതു പകുതിയായപ്പോള്‍തന്നെ യെദിയൂരപ്പയും വിശ്വസ്തരായ ഏതാനും എംഎല്‍എമാരും യെദിയൂരപ്പയുടെ വസതിയിലേക്കു മടങ്ങി.
ഈ മാസം 27നു മുന്‍പു തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്നു ബിജെപി നേതൃത്വത്തിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണു യെദിയൂരപ്പ. എന്നാല്‍, ആരു മുഖ്യമന്ത്രിയാകണമെന്നു തീരുമാനിക്കുന്നത് ബിജെപിയാണെന്നും ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ നിര്‍ദേശം ഇതിനാവശ്യമില്ലെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
സദാനന്ദ ഗൗഡ മികച്ച മുഖ്യമന്ത്രിയാണ്. യെദിയൂരപ്പ ജനപ്രീതിയുള്ള നേതാവും.യെദിയൂരപ്പ കോടതിക്കേസുകളില്‍നിന്നു കുറ്റമുക്തനായി പുറത്തുവരുമെന്നാണു പ്രതീക്ഷ. അതേസമയം, നേതൃത്വം ലഭിക്കുന്നില്ലെന്ന പേരില്‍ ആരെങ്കിലും പാര്‍ട്ടി വിടുന്നുവെങ്കില്‍ പാര്‍ട്ടി അവരെ തടയില്ലെന്നു യെദിയൂരപ്പയ്ക്കു മുന്നറിയിപ്പു നല്‍കി ഗഡ്കരി വ്യക്തമാക്കി.
Discussion about this post