കൊച്ചി: നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ രണ്ടു തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു കൊച്ചി തുറമുഖത്തു പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്റിക്ക ലക്സി തിങ്കളാഴ്ച വൈകുന്നേരംവരെ വിട്ടയയ്ക്കരുതെന്നു ഹൈക്കോടതി നിര്‍ദേശം. വെടിവയ്പില്‍ മരിച്ച കൊല്ലം സ്വദേശി വാലന്റൈന്റെ ഭാര്യ ഡോറമ്മ നല്കിയ അപ്പീലിലാണു ജസ്റീസ് വി. രാംകുമാര്‍, ജസ്റീസ് കെ. ഹരിലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഡോറമ്മയുടെ ഹര്‍ജിയില്‍ 25 ലക്ഷം രൂപ ബാങ്ക് ഗാരന്റി കെട്ടിവയ്ക്കാന്‍ കപ്പലുടമകളോടു സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ബാങ്ക് ഗാരന്റി നല്കിയാലും തിങ്കളാഴ്ച വൈകുന്നേരം അഞ്ചുവരെ തുറമുഖത്തുനിന്നു കപ്പല്‍ കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നാണു കൊച്ചിന്‍ പോര്‍ട്ട് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ക്കു ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്കിയിരിക്കുന്നത്. ഒരു കോടി രൂപയെങ്കിലും ഗാരന്റിയായി നിശ്ചയിച്ചില്ലെങ്കില്‍ ഹര്‍ജി അനുവദിച്ചാലും ഇറ്റാലിയന്‍ അധികൃതരില്‍നിന്നു നഷ്ടപരിഹാരത്തുക ഈടാക്കാനാവില്ലെന്നു ഹര്‍ജിക്കാരി അപ്പീലില്‍ ബോധിപ്പിച്ചു. മനുഷ്യത്വരഹിതമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഹര്‍ജിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം വാഹനാപകടങ്ങളും മറ്റ് അപകടങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പോലെയല്ല പരിഗണിക്കേണ്ടതെന്നും ഹര്‍ജിയില്‍ പറയുന്നു. തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കും. വെടിവയ്പില്‍ കൊല്ലപ്പെട്ട കന്യാകുമാരി സ്വദേശി അജീഷ് ബിങ്കുവിന്റെ സഹോദരിമാര്‍ നല്കിയ അപ്പീലും തിങ്കളാഴ്ച കോടതി പരിഗണിക്കും. ഇന്ത്യയുടെ കര്‍ക്കശ നിലപാടിന് ഇറ്റലി വഴങ്ങുന്നു ജോര്‍ജ് കള്ളിവയലില്‍ ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ നിയമം അനുസരിച്ചുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന കര്‍ക്കശ നിലപാടിനു മുന്നില്‍ വൈകിയെങ്കിലും ഇറ്റലി വഴങ്ങുന്നു.കപ്പലില്‍നിന്നു പോലീസ് പിടിച്ചെടുത്ത തോക്കുകളുടെ ശാസ്ത്രീയ പരിശോധനയിലൂടെ സത്യാവസ്ഥ പുറത്തുവരുമെന്നു ഡല്‍ഹിയില്‍ ഇന്നലെ നടന്ന ഉന്നതതല ചര്‍ച്ചയ്ക്കു ശേഷം ഇറ്റലിയുടെ വിദേശകാര്യ സഹമന്ത്രി സ്റെഫാന്‍ ഡി മിസ്തുര പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനിടെ, മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയനുസരിച്ച് ചൊവ്വാഴ്ച ഡല്‍ഹിയില്‍ ഔദ്യോഗിക ചര്‍ച്ചയ്ക്കെത്തുന്ന ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗിലിയോ ടര്‍സി ഡി സന്ത് അഗത അന്നു വൈകുന്നേരംതന്നെ കേരളത്തിലെത്തും. പോലീസ് കസ്റഡിയിലുള്ള നാവികരെ സന്ദര്‍ശിക്കുന്ന അദ്ദേഹം കേരള സര്‍ക്കാരിലെയും പോലീസിലെയും ഉന്നതരുമായി ചര്‍ച്ച നടത്തിയേക്കും. മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതില്‍ ജനങ്ങള്‍ വളരെ രോഷാകുലരാണെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനാലാണു മരിച്ച ജലസ്റിന്റെ കുടുംബാംഗങ്ങളെ കാണാതെ മടങ്ങേണ്ടി വന്നതെന്നു രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം കഴിഞ്ഞു ഡല്‍ഹിയിലെത്തിയ സഹമന്ത്രി മിസ്തുര വ്യക്തമാക്കി. ഡല്‍ഹിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ വിദേശകാര്യ വകുപ്പിലെ സെക്രട്ടറി (വെസ്റ്) എം. ഗണപതി, കേരള ഹൌസ് റെസിഡന്റ് കമ്മീഷണര്‍ യു.കെ.എസ്. ചൌഹാന്‍ എന്നിവരും വിദേശ, ആഭ്യന്തര, ഷിപ്പിംഗ് വകുപ്പുകളുടെയും കോസ്റ് ഗാര്‍ഡിന്റെയും പ്രതിനിധികളും പങ്കെടുത്തു. സത്യം പുറത്തു വരണമെന്നാണ് ഇന്ത്യയുടെയും ഇറ്റലിയുടെയും ആഗ്രഹമെന്ന് ഇറ്റാലിയന്‍ മന്ത്രി മിസ്തുര പറഞ്ഞു. അറസ്റിലായ നാവികര്‍ കുറ്റക്കാരാണോ അല്ലയോ എന്നതു പരിശോധനയില്‍ തെളിയും. തോക്കിന്റെ ബാലിസ്റിക് പരിശോധനയില്‍ സത്യം വെളിപ്പെടുമെന്ന പ്രതീക്ഷയുണ്ട്. കപ്പലില്‍ പരിശോധന നടത്തുമ്പോള്‍ ഇറ്റാലിയന്‍ പ്രതിനിധിയുടെ സാന്നിധ്യം അനുവദിച്ച കേരള ഹൈക്കോടതിയുടെ നടപടിയില്‍ തൃപ്തിയുണ്െടന്നു മിസ്തുര പറഞ്ഞു. ബാലിസ്റിക് പരിശോധന സുതാര്യമായി നടത്താനുള്ള തീരുമാനത്തെയും ഇറ്റലി സ്വാഗതം ചെയ്തു. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ചതില്‍ ദുഃഖമുണ്ട്. പാവപ്പെട്ട ആ തൊഴിലാളികളുടെ കുടുംബങ്ങളുടെ വേദനയില്‍ ഇറ്റലിയിലെ ജനങ്ങളും പങ്കുചേരുന്നുവെന്നും മന്ത്രി മിസ്തുര പറഞ്ഞു. ഇന്ത്യന്‍ നിയമവ്യവസ്ഥയനുസരിച്ച് നടപടികളുമായി മുന്നോട്ടു പോകുമെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചതായി വിദേശകാര്യ വക്താവ് സഈദ് അക്ബറുദീന്‍ പറഞ്ഞു. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ നിഷ്പക്ഷവും സ്വതന്ത്രവുമാണെന്ന് ഇറ്റലിയുടെ പ്രതിനിധികളോട് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ പോലീസ്- കോടതി സംവിധാനങ്ങളിലുണ്ടായിരുന്ന ഇറ്റലിയുടെ സംശയം ഇതുവരെയുള്ള കാര്യങ്ങളില്‍ ഏറക്കുറെ ദൂരീകരിക്കപ്പെട്ടതായാണു സൂചന.
Discussion about this post