മുംബൈ: പുണെയില്‍ ഓഷോ ആശ്രമത്തിനടുത്തുള്ള ജര്‍മന്‍ ബേക്കറിയില്‍ ഫിബ്രവരി 13-നുണ്ടായ വന്‍സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവ്. ഏഴുമാസത്തിനു ശേഷം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌കാഡ് രണ്ടു പേരെ അറസ്റ്റു ചെയ്തു. ഹിമായത്ത് ബേഗ്, ബിലാല്‍ എന്നിവരാണ് പിടിയിലായത്. ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ അനുയായികളാണിവര്‍.
നാസിക്കിലും പൂണെയിലും നടത്തിയ തിരച്ചിലിലാണ് ഇവരെ അറസ്റ്റു ചെയ്തത്. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഹിമായത്ത് ബേഗാണെന്ന് എ.ടി.എസ് മേധാവി രാകേഷ് മരിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സ്‌ഫോടനത്തിനു മുമ്പ് ജനവരിയില്‍ ലത്തൂരില്‍ വെച്ചാണ് ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടത്. അതിനുശേഷം സംഘം പൂണെയിലെത്തി കൃത്യം നിറവേറ്റി. സ്‌ഫോടനത്തില്‍ ഒമ്പതുപേരാണ് മരിച്ചത്. മരിച്ചവരില്‍ മൂന്നു പേര്‍ വിദേശികളാണ്. 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൊല്‍ക്കത്ത സ്വദേശി അങ്കിക്ധര്‍ (24), പുണെയിലെ ഫെര്‍ഗുസന്‍ കോളേജ് വിദ്യാര്‍ഥിയായ കൊല്‍ക്കത്ത സ്വദേശി ആനന്ദിധര്‍ (19), പുണെയിലെ ആംഡോക്‌സില്‍ ജോലിചെയ്യുന്ന ബാംഗ്ലൂര്‍ സ്വദേശി ടി. സുന്ദരി (22), മുംബൈ സ്വദേശി ബിനീത ഗദനി (22), ജര്‍മന്‍ ബേക്കറിയിലെ ജീവനക്കാരന്‍ ശങ്കര്‍ പന്‍സാരെ (40), ഗോകുല്‍ നേപ്പാളി, മുംബൈയില്‍ താമസക്കാരനായ കൊല്‍ക്കത്തക്കാരി ശില്പ ഗോയങ്ക(23), ഇറ്റലിക്കാരി നദിയ മാസറിനി, പുണെ സിംബയോസിസ് ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥി ഇറാന്‍ സ്വദേശി സയ്യിദ് അബ്ദുള്‍ഖാരി എന്നിവരാണ് മരിച്ചത്.
ഫിബ്രവരി 13-ന് വൈകിട്ട് 7.15-ഓടെയായിരുന്നു സേ്ഫാടനം. ബേക്കറിക്കടുത്ത് ഉപേക്ഷിച്ച ഒരു ബാഗ് തുറന്നപ്പോഴാണ് സ്‌ഫോടനമുണ്ടായത്. ആദ്യം സിലിണ്ടറുകള്‍ പൊട്ടിയതാണെന്നാണ് കരുതിയത്. തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് ബോംബ് സ്‌ഫോടനമാണെന്ന് വ്യക്തമായത്.
പുണെയിലെ തിരക്കേറിയ കോറെഗാവിലാണ് സ്‌ഫോടനം നടന്ന ജര്‍മന്‍ ബേക്കറി. പ്രശസ്തമായ ഭക്ഷണശാലയും ഇതിനൊപ്പം പ്രവര്‍ത്തിക്കുന്നു. വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഇവിടം. ജൂത വിഭാഗക്കാരുടെ പ്രാര്‍ഥനാ മന്ദിരമായ ചബാഡ് ഹൗസ് ഇതിനടുത്താണ്.
മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നു കരുതുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി 2008 ജൂലായ് 26നും 2009 മാര്‍ച്ച് 16നും ഓഷോ ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ താമസിച്ച ഹോട്ടലിനു സമീപമാണ് സ്‌ഫോടനമുണ്ടായ ബേക്കറി.
Discussion about this post