തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിശേഷ പൂജകള്‍ക്ക് ഉപയോഗിക്കുന്ന അമൂല്യ സ്വര്‍ണ, വജ്രാഭരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സി നിലവറ തുറന്നു കണക്കെടുപ്പ് ആരംഭിച്ചു. ഇന്നലെ രാവിലെ സുപ്രീംകോടതി നിയോഗിച്ച സമിതിയുടേയും വിദഗ്ധ സമിതിയുടേയും യോഗം ചേര്‍ന്നശേഷമാണു സി നിലവറ തുറന്നത്. ശ്രീകോവിലിനു പിന്നിലെ വ്യാസകോണിനടുത്ത് പ്രത്യേകം ഒരുക്കിയ സ്ഥലത്താണു മൂല്യനിര്‍ണയം നടത്തുന്നത്. അവിടേക്ക് പഞ്ചിംഗ് കാര്‍ഡ് ഉപയോഗിച്ച് പഞ്ചിംഗ് നടത്തിയശേഷമേ നിയോഗിക്കപ്പെട്ടവര്‍ക്കു കടന്നുചെല്ലാനാകൂ. തിരിച്ചിറങ്ങുമ്പോഴും പഞ്ച് ചെയ്യണം. മൂല്യനിര്‍ണയ മുറിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് അതിനപ്പുറത്തെ മുറിയില്‍ വേറെ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ ഇരിപ്പുണ്ട്. മാത്രമല്ല മുറിക്കുള്ളിലെ ദൃശ്യങ്ങളെല്ലാം റിക്കാര്‍ഡു ചെയ്യുന്നുമുണ്ട്.
കണക്കെടുപ്പു നടത്തുന്ന അമൂല്യവസ്തുക്കള്‍ സൂക്ഷിക്കാനായി പുതിയ നിലവറ നിര്‍മിക്കേണ്ടതുണ്ട്. ഇതിനുള്ള രൂപരേഖ തയാറാക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുടേയും വിദഗ്ധ സമിതിയുടേയും യോഗം റിസര്‍വ് ബാങ്ക് പ്രതിനിധിയെ ചുമതലപ്പെടുത്തി.
നാലാഴ്ചയ്ക്കകം സുപ്രീംകോടതിക്കു നിലവറ നിര്‍മാണം സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. അതിനാല്‍ മൂന്നാഴ്ചയ്ക്കകം സമിതി വീണ്ടും യോഗംകൂടി റിപ്പോര്‍ട്ട് അവലോകനം ചെയ്യുമെന്നു സമിതി അധ്യക്ഷന്‍ എം.വി. നായര്‍ പറഞ്ഞു. ഒരുമാസത്തിനകം സി നിലവറയിലെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം ഇ, എഫ് നിലവറകളിലെ ആഭരണങ്ങളുടെ കണക്കെടുപ്പ് ആരംഭിക്കും. ഇ,എഫ്, നിലവറകളിലെ പൂജാപാത്രങ്ങളുടെ കണക്കെടുപ്പു മാത്രമാണു കഴിഞ്ഞയാഴ്ച പൂര്‍ത്തിയാക്കിയത്.
സുപ്രീംകോടതി നിയോഗിച്ച കമ്മീഷന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറില്‍ അഞ്ചു നിലവറകളും തുറന്നുനോക്കിയിട്ടുണ്ട്. മാത്രമല്ല 2007 മുതല്‍ തിരുവനന്തപുരം സബ്‌കോടതിയുടെ നിയന്ത്രണത്തിലാണ് സി നിലവറ. നിലവറയിലെ സാധനങ്ങളുടെ ലിസ്റ്റ് സബ്‌കോടതിയുടെ പക്കലുണ്ട്.ക്ഷേത്രത്തിലെ ഉത്സവത്തിന് നിലവറ തുറന്ന് ആഭരണങ്ങളും കളഭത്തിനായി സ്വര്‍ണക്കുടവും സബ്‌കോടതി നിയോഗിച്ചിട്ടുള്ള അഭിഭാഷക കമ്മീഷന്‍ അംഗങ്ങളായ ബി.ആര്‍. ശ്യാമും വി. സുരേഷ്‌കുമാറുമാണു നല്‍കുന്നതും തിരികെ വാങ്ങിവയ്ക്കുന്നതും.
നിലവറ സംബന്ധിച്ച് സബ്‌കോടതി ഉത്തരവിറക്കരുതെന്നു നിര്‍ദേശിച്ചെങ്കിലും നിലവറ തുറക്കാന്‍ നല്‍കിയിരുന്ന സബ്‌കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയില്ല. അതിനാല്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ആവശ്യപ്രകാരം സബ്‌കോടതി നിയോഗിച്ച രണ്ട് അഭിഭാഷകരും ചേര്‍ന്നാണ് ഇന്നലെ രാവിലെ സി നിലവറ തുറന്നത്. അതിനുശേഷം സി നിലവറയുടെ താക്കോല്‍ വിദ്ഗ്ധ സമിതിയെ ഏല്പിച്ചു.
Discussion about this post