ചെന്നൈ: തമിഴ് സിനിമയിലെ മുന്‍കാല നായകനും സ്വഭാവനടനുമായ മുരളി (46) അന്തരിച്ചു. ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബുധനാഴ്ച പുലര്‍ച്ചെ സ്വവസതിയില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചു.
കന്നട സിനിമാ സംവിധായകനായ സിദ്ധലിംഗയ്യയുടെ മകനായി ചെന്നൈയില്‍ ജനിച്ച മുരളി ആദ്യമായി അഭിനയിച്ചത് കന്നട ചിത്രത്തിലാണ്. തുടര്‍ന്ന് 1984-ല്‍ അമീര്‍ജാന്‍ സംവിധാനം ചെയ്ത ‘പൂവിലങ്ങ്’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറി. ഇദയം, തങ്ക മനസ്സുക്കാരന്‍, ചിന്ന പസങ്ക, നാങ്ക, തങ്കരാശ്, റോജ മലരെ, ഉന്നുടന്‍, നമ്മ വീട്ടു കല്യാണം എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. കടല്‍ പൂക്കള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.
അടുത്തിടെ പുറത്തിറങ്ങിയ ബനാ കത്തടിയാണ് അവസാനം അഭനിയിച്ച ചിത്രം. ഈ ചിത്രത്തിലൂടെയാണ് മുരളിയുടെ മകന്‍ അഥര്‍വ് നായകനായി അരങ്ങേറ്റം കുറിച്ചത്. ശോഭയാണ് ഭാര്യ. കാവ്യ, വിജയ്, അഥര്‍വ്. എന്നിവരാണ് മക്കള്‍.
Discussion about this post