ശബരിമല: ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ട് പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങളായ സ്വാമി അയ്യപ്പന്‍ റോഡിന്റെ നവീകരണം, മാളികപ്പുറത്ത് അരവണ പ്ലാന്റിന്റെ നിര്‍മാണം എന്നിവയ്ക്ക് ആന്ധ്രപ്രദേശിലെ അയ്യപ്പഭക്തരായ ബിസിനസുകാരുമായി ധാരണയായെന്നു ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ. ജയകുമാര്‍ പറഞ്ഞു.
ഇന്ന് ഇതിന്റെ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും. ഹൈദരാബാദില്‍ നടക്കുന്ന ചടങ്ങില്‍ ജയകുമാറിനെ കൂടാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. രാജഗോപാലന്‍ നായരും പങ്കെടുക്കും.
ആന്ധ്ര സര്‍ക്കാര്‍ നിലയ്ക്കല്‍ ആരംഭിക്കുന്ന ആന്ധ്രഭവന്റെ നിര്‍മാണോദ്ഘാടനം മാര്‍ച്ച് അവസാനവാരത്തില്‍ നടക്കും. നിര്‍മാണോദ്ഘാടനം ആന്ധ്ര മുഖ്യമന്ത്രിയാണ് നിര്‍വഹിക്കുന്നത്. ഇതിന്റെ ചര്‍ച്ചകളും ഇന്ന് ആന്ധ്ര ദേവസ്വം എന്‍ഡോവ്‌മെന്റ് സെക്രട്ടറി ചിത്ര രാമചന്ദ്രനുമായി നടത്തും. ചര്‍ച്ചയെത്തുടര്‍ന്ന് ആന്ധ്ര സര്‍ക്കാരിന്റെ പ്രത്യേക സാങ്കേതികവിദഗ്ധരടങ്ങിയ സംഘം നിലയ്ക്കല്‍ സന്ദര്‍ശിക്കും. മാസ്റ്റര്‍ പ്ലാന്‍ പദ്ധതി നടപ്പിലാക്കുന്നതിനു സര്‍ക്കാര്‍ ബജറ്റില്‍ വകകൊള്ളിച്ച 15 കോടി രൂപ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്ന ട്രസ്റ്റിനു ലഭിച്ചു. ഇതേത്തുടര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ ഓരോന്നായി ആരംഭിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സര്‍ക്കാര്‍ ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിനുള്ള പണം നല്കുന്നത്.
അടുത്ത ബജറ്റിലും ശബരിമല മാസ്റ്റര്‍ പ്ലാനിനുവേണ്ടി സര്‍ക്കാര്‍ തുക വകകൊള്ളിക്കുമെന്നും ഉന്നതാധികാര സമിതി ചെയര്‍മാന്‍ പറഞ്ഞു. ശബരിമലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി കുന്നാറിലുള്ള അണക്കെട്ട് നവീകരിക്കുകയും പുതിയതു നിര്‍മിക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ക്കും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദം ലഭിച്ചു. ഇതേത്തുടര്‍ന്ന് ഹൈക്കോടതിയുടെ അനുവാദത്തോടെ നവീകരണ ജോലികള്‍ ഉടന്‍ ആരംഭിക്കും. ടാറ്റാ കമ്പനിയാണ് നിര്‍മാണം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
നിലയ്ക്കലിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് നവീകരണവും ദക്ഷിണസംസ്ഥാനങ്ങള്‍ക്കുവേണ്ടിയു ള്ള പാര്‍ക്കിംഗ് ഗ്രൗണ്ടുകളുടെ നിര്‍മാണവും ആരംഭിക്കും. ഇതോടൊപ്പം എരുമേലിയിലും പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
ശബരിമല മാസ്റ്റര്‍പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ ആ രംഭിക്കാനുള്ള തുക സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ലഭിച്ചതിനെത്തുടര്‍ന്നു സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ജോലികള്‍ വേഗത്തിലാക്കുമെന്നും കെ. ജയകുമാര്‍ പറഞ്ഞു.സന്നിധാനത്തെ വലിയ നടപ്പന്തല്‍ രണ്ട് നിലകളിലാക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി ഉന്നതാധികാര സമിതി ചെയര്‍മാന്‍ പറഞ്ഞു.
Discussion about this post