ചിറയിന്‍കീഴ്: ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ കഴിഞ്ഞ ഒമ്പത് ദിവസമായി നടന്ന് വരുന്ന കാളിയൂട്ട് മഹോത്സവത്തിന് ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന നിലത്തില്‍പോരോടെ സമാപനമാകും. വൈകുന്നേരം ക്ഷേത്ര പറമ്പിലെ പോര്‍ക്കളത്തില്‍ നടക്കുന്ന ദാരിക -ഭദ്രകാളി യുദ്ധത്തിനൊടുവില്‍ ദാരികന്റെ തലവെട്ടി ഭദ്രകാളി ദേവി ദാരിക നിഗ്രഹം നടത്തും. ഇന്നു വൈകുന്നേരം അഞ്ചിന് ക്ഷേത്രത്തിലെ ചുട്ടികുത്തുപ്പുരയില്‍ നിന്ന് സര്‍വാഭരണ വിഭൂഷിതയായി ഭദ്രകാളി ദേവി ക്ഷേത്ര പറമ്പിലെ നിലത്തില്‍പോര് നടക്കുന്ന പോര്‍ക്കളത്തിലെത്തും. ദേവിയെ ഭക്തര്‍ വെറ്റില പറത്തിയും വായ്ക്കുരവയിട്ടും സ്വീകരിക്കും. അതിന് ശേഷം ദാരികനുമായി ദേവി ഉഗ്ര പോരാട്ടം നടത്തും.
ദാരികന്റെ അസ്ത്രങ്ങളേറ്റ് മോഹാലസ്യപ്പെടുന്ന ദേവി തന്റെ തെങ്ങില്‍ തീര്‍ത്ത പറണില്‍ കയറി വിശ്രമിക്കും. വടക്ക് ദിക്കിലാണ് ഭദ്രകാളി ദേവിക്ക് പറണ് തീര്‍ത്തിരിക്കുന്നത്. തെങ്ങില്‍ തീര്‍ത്ത ഈ പറണിന് 42 കോല്‍ ഉയരം വരും. തെക്ക് ദിക്കിലാണ് ദാരികന് പറണ് തീര്‍ത്തിരിക്കുന്ന്. കമുകില്‍ തീര്‍ത്ത ഈ പറണിന് 27 കോല്‍ ഉയരം വരും.
പറണില്‍ കയറി വിശ്രമിച്ച ശേഷം ദാരികനെ നിഗ്രഹിക്കാനുളള ശക്തി നല്‍കണോയെന്ന് തന്റെ പിതാവായ പരമശിവനോട് പ്രാര്‍ഥിച്ച് അനുഗ്രഹം വാങ്ങിയ ശേഷം പൂര്‍വാധികം കരുത്തോടെ രൌദ്ര ഭാവത്തോടെ പോര്‍ക്കളത്തിലിറങ്ങി ദാരികനുമായി ദേവി ഘോരയുദ്ധം തുടരും. യുദ്ധത്തിനൊടുവില്‍ തിന്മയുടെ പ്രതീകമായ ദാരികന്റെ തലവെട്ടി ദാരിക വധം നടത്തും. അതിന് ശേഷം ദേവി മുടിത്താളം തുളളും. ഇതോടെ കഴിഞ്ഞ ഒന്‍പത് ദിവസമായി നടന്ന് വരുന്ന കാളി നാടകത്തിന് സമാപനമാകും.
കുലവാഴ വെട്ടി പ്രതീകാത്മകമായാണ് ദാരിക നിഗ്രഹം നടത്തുന്നത്. ആറ്റിങ്ങല്‍ പൊന്നറ കുടുംബത്തിലെ കാരണവരായ നാണുവാശാനാണ് കാളിയൂട്ടിന് മുഖ്യ കാര്‍മികത്വം വഹിക്കുന്നത്. പൊന്നറ കുടുംബത്തിലെ അംഗമായ ബിജുവാണ് ഭദ്രകാളിയുടെ വേഷം കെട്ടുന്നത്. ദാരിക വേഷം കെട്ടുന്നത് പൊന്നറ കുടുംബാംഗമായ സുകുമാരന്‍ നായരാണ്. കാളിയൂട്ട് കാണുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ ഇന്ന് ശാര്‍ക്കര പറമ്പിലെത്തും.
തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലം മുതല്‍ക്കാണ് കാളിയൂട്ട് ആരംഭിച്ചതെന്നാണ് ഐതിഹ്യം. കായംകുളം രാജാവുമായുളള യുദ്ധത്തില്‍ വിജയിച്ചാല്‍ എല്ലാ വര്‍ഷവും കാളിയൂട്ട് നടത്തിയേക്കാമെന്ന് പറഞ്ഞ് മാര്‍ത്താണ്ഡ വര്‍മ രാജാവ് ശാര്‍ക്കര ദേവിയുടെ മുന്നില്‍ വന്ന് പ്രാര്‍ഥിച്ചിരുന്നു. യുദ്ധത്തില്‍ പങ്കെടുത്ത് കായംകുളം രാജാവിനെ പരാജയപ്പെടുത്തി വിജയശ്രീ ലാളിതനായി മടങ്ങിയെത്തിയ നാള്‍ മുതലാണ് കാളിയൂട്ടിന് ശാര്‍ക്കരയില്‍ തുടക്കമായത്. ഇന്നലെ വൈകുന്നേരം ശാര്‍ക്കരയിലെ വിവിധ പ്രദേശങ്ങളില്‍ ദാരികനെ തേടി ഭദ്രകാളി ദേവിയും ദുര്‍ഗാദേവിയും പുറപ്പെട്ടിരുന്നു.
മുടിയുഴിച്ചില്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചടങ്ങ് കാണാനും ദേവിമാരില്‍ നിന്നും നെല്‍ വിത്തുകള്‍ ശേഖരിക്കാനുമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ ശാര്‍ക്കര ദേവി ക്ഷേത്രത്തിലെത്തിയിരുന്നു.
Discussion about this post