തിരുവനന്തപുരം: എസ് ബാന്‍ഡ് കരാര്‍ വിവാദമാക്കിയതിന് പിന്നില്‍ അന്താരാഷ്ട്രതലത്തിലെ ആസൂത്രിത ഗൂഢാലോചനയുണ്ടാകാമെന്ന് ഐ.എസ്. ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ പറഞ്ഞു. കേസരി സ്മാരക ജേര്‍ണലിസ്റ്റ്‌സ് ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തിന് ശേഷം ഇന്ത്യയുടെ യശസ്സ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നപ്പോഴാണ് എസ് ബാന്‍ഡ് വിവാദം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പി. എസ്.എല്‍.വി. വിജയത്തിന് തൊട്ടുപിന്നാലെയായീരുന്നു ചാരക്കേസുണ്ടായത്. ടെലികോം മേഖലയില്‍ ടു ജി, ത്രീ ജി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നവരും ബഹിരാകാശ ഉപഗ്രഹ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്ന മറ്റുള്ളവരും തമ്മിലുള്ള അസ്വാരസ്യങ്ങളും കൂടുതല്‍ മെഗാഹെട്‌സിനായുള്ള മത്സരവും കണ്ടില്ലെന്ന് നടിക്കാനാവില്ല. അന്‍ട്രിക്‌സിന്റെ വളര്‍ച്ചയില്‍ അന്താരാഷ്ട്ര തലത്തില്‍ അസൂയാലുക്കളുണ്ടാകാമെന്നും മാധവന്‍ നായര്‍ സൂചിപ്പിച്ചു.
ഐ.എസ്.ആര്‍.ഒ. യുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ താന്‍ തൃപ്തനല്ലെന്നും മാധവന്‍ നായര്‍ പറഞ്ഞു. 400 മുതല്‍ അഞ്ഞൂറ് കോടിവരെയാണ് ഐ. എസ്.ആര്‍.ഒ. യ്ക്കുള്ള ബജറ്റ് വിഹിതം. നടപ്പുവര്‍ഷം ഇതുവരെ ഇതിന്റെ 65 ശതമാനം പോലും വിനിയോഗിച്ചിട്ടില്ല. പുതിയ പദ്ധതികള്‍ ഒന്നും ഏറ്റെടുത്ത് വിജയിപ്പിക്കുന്നില്ല. 2009 ല്‍ താന്‍ വിരമിച്ചപ്പോള്‍ 2020 വരെ ആവിഷ്‌കരിക്കേണ്ട പദ്ധതികള്‍ സമര്‍പ്പിച്ചിരുന്നു. ക്രയോജനിക് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തല്‍ മുതല്‍ പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനം വരെയുള്ള പദ്ധതികള്‍ ഇതിലുണ്ടായിരുന്നുവെന്നും ആ വഴിക്കൊന്നും ഐ. എസ്.ആര്‍.ഒ നീങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആന്‍ട്രിക്‌സ് ദേവാസ് കരാര്‍ സംബന്ധിച്ച് ആദ്യം അന്വേഷിച്ച ബി.എന്‍. സുരേഷ് കമ്മിറ്റി റിപ്പോര്‍ട്ട് ഒട്ടേറെ തിരുത്തലുകളോടെയാണ് പുറത്തുവന്നത്. അന്നത്തെ അഡീഷണല്‍ സെക്രട്ടറിയും സെക്രട്ടറിയും മാത്രമാണ് ഈ റിപ്പോര്‍ട്ട് കണ്ടിരിക്കാന്‍ ഇടയുള്ളത്. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ ആയിരുന്നു അന്നത്തെ സെക്രട്ടറി. നേരത്തെ നിശ്ചയിച്ച രീതിയില്‍ കാര്യങ്ങള്‍ നേടാന്‍ സത്യം വളച്ചൊടിക്കുകയായിരുന്നു മാധവന്‍ നായര്‍ ആരോപിച്ചു.
കരാര്‍ സംബന്ധിച്ച് വീണ്ടും അന്വേഷിച്ച ബി.കെ. ചതുര്‍വേദി കമ്മിറ്റിയും ചില തിരുത്തലുകള്‍ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് അന്വേഷിച്ച പ്രത്യൂഷ് സിന്ന പാനല്‍ കുറ്റമാരോപിച്ച് അത് മുഴുവന്‍ താനുള്‍പ്പെടെ നാല് ശാസ്ത്രജ്ഞരുടെ മേല്‍ ചാര്‍ത്തുകയായിരുന്നുവെന്നും മാധവന്‍ നായര്‍ പറഞ്ഞു. ഇതോടെ ശാസ്ത്ര സമൂഹം ഒന്നാകെ മാനസികമായി തളര്‍ന്നിരിക്കുകയാണ്. ഒരു ഫയല്‍ ഒപ്പിടുന്നതിന് പോലും അവര്‍ മടിക്കുകയാണ്.
ബഹിരാകാശ ഗവേഷണത്തിന്റെ ഉന്നമനത്തിനായി ഐ. എസ്.ആര്‍.ഒ യില്‍ നിന്ന് വിരമിച്ചവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് അതേ മേഖലയില്‍ പ്രവര്‍ത്തിക്കാമെന്ന് ഉത്തരവുള്ളതിനാലാണ് ചില ശാസ്ത്രജ്ഞര്‍ ദേവാസ് കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അതില്‍ തെറ്റില്ലെന്നും മാധവന്‍ നായര്‍ പറഞ്ഞു. ആന്‍ട്രിക്‌സ് ദേവാസ് ഇടപാട് രാജ്യസുരക്ഷയ്ക്ക് ഒരു തരത്തിലും ഭീഷണിയായിട്ടില്ല. ഇടപാട് സംബന്ധിച്ച് ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരെക്കൂടി ഉള്‍പ്പെടുത്തി വീണ്ടും അന്വേഷണം നടത്തണം. തന്റെ ഭാഗം വിശദീകരിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post