തിരുവനന്തപുരം: റവന്യൂ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സുരക്ഷായാനം 2012 അന്തരാഷ്ട്രശില്പശാലയും പ്രദര്‍ശനവും ഇന്ന് കനകക്കുന്നില്‍ തുടങ്ങും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സുരക്ഷായാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകിട്ട് 5.45ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും. നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, റവന്യൂ-ദുരന്തനിവാരണ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍, ധനകാര്യവകുപ്പ് മന്ത്രി കെ.എം.മാണി, ഗതാഗത-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, പട്ടികജാതി വികസന – ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, മേയര്‍ അഡ്വ.കെ.ചന്ദ്രിക, എം.പി.മാരായ എം.പി.അച്യൂതന്‍, എ.സമ്പത്ത്, കെ.മുരളീധരന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം മലയാള മനോരമ സംഘടിപ്പിക്കുന്ന സുരക്ഷിതകേരളം റോഡ് ഷോ നടക്കും.
ദേശീയ അന്തര്‍ദേശീയ വിദഗ്ദ്ധര്‍ നയിക്കുന്ന ശില്പശാലകളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റും കേന്ദ്ര സംസ്ഥാന വകുപ്പുകളും, പൊതുമേഖലാ സ്ഥാപനങ്ങളും തയ്യാറാക്കിയിട്ടുളള വിജ്ഞാനപ്രദമായ 50 ഓളം പ്രദര്‍ശനസ്റ്റാളുകളും സുരക്ഷായാനത്തിന്റെ ഭാഗമായി നടക്കും. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ദുരന്തനിവാരണ മേഖലയിലെ വിദഗ്ദ്ധരും മറ്റ് വിശിഷ്ടവ്യക്തികളും പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറവും കുട്ടികള്‍ക്കായി ഫണ്‍കോര്‍ണര്‍, ഗെയിംസ്, തല്‍സമയ ക്വിസ്സ് മത്സരങ്ങളും, ലോകത്തിലുായ പല പ്രധാനദുരന്തങ്ങളുടെയും രക്ഷാപ്രവര്‍ത്തനങ്ങളുടെയും ഫോട്ടോ-വീഡിയോ പ്രദര്‍ശനങ്ങളും, ബുക്ക്‌സ്‌റ്‌റാളുകളും സുരക്ഷായാനത്തോടനുബന്ധിച്ച് കനകക്കുന്നില്‍ നടക്കും.
നാളെ(മാര്‍ച്ച് 5) നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോന്‍സ് കാഴ്ചവെയ്ക്കുന്ന മോക്ഡ്രില്‍ ഉച്ചയ്ക്ക് 2 മണിയ്ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പാര്‍ലമെന്ററി ഫോറം കണ്‍വീനറും എം.പി.യുമായ ഡോ.ശശി തരൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
Discussion about this post