തിരുവനന്തപുരം: അമ്മേശരണം.. ദേവീശരണം.. ഭക്തലക്ഷങ്ങള്‍ ഉള്ളുരുകി ആറ്റുകാലമ്മയെ പ്രാര്‍ത്ഥിച്ച് പൊങ്കാലയര്‍പ്പിക്കുന്ന പുണ്യദിനമാണിന്ന്. പ്രത്യാശാപൂര്‍ണമായ ഭാവിക്കുവേണ്ടി ലക്ഷോപലക്ഷം സ്ത്രീകള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കുന്നതിനായി തലസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുള്ളത്. ഇന്നലെ രാവിലെ മുതല്‍ ദൂരസ്ഥലങ്ങളില്‍ നിന്നു ഭക്തര്‍ എത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായി രാവിലെ പെയ്ത മഴ നനഞ്ഞുകൊണ്ട് സ്ത്രീകള്‍ പൊങ്കാലയര്‍പ്പിക്കുന്നതിനായി ഒരുങ്ങിക്കഴിഞ്ഞു.
35 ലക്ഷത്തിലധികം സ്ത്രീകള്‍ ഈ വര്‍ഷം പൊങ്കാലയര്‍പ്പിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ചാക്ക ബൈപാസ്, കൊഞ്ചിറവിള, മണക്കാട്, കമലേശ്വരം, തിരുവല്ലം, സ്റ്റാച്യു, അട്ടക്കുളങ്ങര, കിള്ളിപ്പാലം എന്നിവിടങ്ങളിലെല്ലാം ഇന്നലെ ഉച്ചയോടെ തന്നെ പൊങ്കാലയടുപ്പുകള്‍ നിരന്നു. ദേവീദര്‍ശനത്തിന് എത്തിയവര്‍ കൂടിയായതോടെ നഗരം തിരക്കില്‍ അമര്‍ന്നു.
ഇന്നു രാവിലെ 10.15നാണ് അടുപ്പുവെട്ട്. ക്ഷേത്രത്തിനകത്തു നിന്നു പകരുന്ന ദീപം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി വലിയ തിടപ്പള്ളിക്കു സമീപം സജ്ജീകരിക്കുന്ന അടുപ്പിലേക്കു പകരും. അവിടെ നിന്നു മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി ചെറിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിനു മുന്നില്‍ തയാറാക്കിയിരിക്കുന്ന പണ്ടാരയടുപ്പിലേക്കും അഗ്നി പകരും. കരിമരുന്നുപ്രയോഗത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ പിന്നീടു ലക്ഷോപലക്ഷം അടുപ്പുകളിലും തീ കത്തിക്കും.
ഉച്ചയ്ക്കു രണ്ടരയ്ക്കു നിവേദിക്കും. 200 ശാന്തിമാരെ പുണ്യാഹജലം തളിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. രാത്രി ഒന്‍പതിനു കുത്തിയോട്ടക്കാര്‍ക്കു ചൂരല്‍കുത്ത്. നാളെ പുലര്‍ച്ചെ കുരുതിതര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉല്‍സവത്തിനു സമാപനമാകും. പൊങ്കാല പ്രമാണിച്ച് ഇന്നു ജില്ലയിലെ വിദ്യാലയങ്ങള്‍ക്കും ഗവ. ഓഫിസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊങ്കാല കഴിഞ്ഞു മടങ്ങുന്നവര്‍ക്കായി റയില്‍വേയും കെഎസ്ആര്‍ടിസിയും പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post