തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെയും ഇടുക്കിയിലെ മറ്റ് അണക്കെട്ടുകളുടെയും ഡാംബ്രേക്ക് അനാലിസിസും മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി വരെയുണ്ടാകുന്ന പ്രളയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടും റൂര്‍ക്കി ഐഐടി തയാറാക്കി കഴിഞ്ഞതായി ജലവിഭവ മന്ത്രി പി.ജെ. ജോസഫ് നിയമസഭയില്‍ വെളിപ്പെടുത്തി. മുല്ലപ്പെരിയാറിനു പുറമേ ഇടുക്കി, ചെറുതോണി, കുളമാവ്, ലോവര്‍പെരിയാര്‍ അണക്കെട്ടുകളുടെയും ഭൂതത്താന്‍കെട്ട് ബാരേജിന്റെയും ഡാം ബ്രേക്ക് അനാലിസിസാണ് നടത്തിയിരിക്കുന്നതെന്ന് ഇ.എസ്. ബിജിമോളുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ടനുസരിച്ച് മുല്ലപ്പെരിയാര്‍ ഡാമിനു തകരാര്‍ സംഭവിച്ചാല്‍ ഡാമിനു തൊട്ടുതാഴെ 40.30 മീറ്ററിലും 36 കിലോമീറ്റര്‍ അകലെ ഇടുക്കി ജലാശയത്തിനടുത്ത് 20.85 മീറ്ററിലും വെള്ളമുയരും. പരമാവധി ഡാം ബ്രേക്ക് ഫ്ളഡ് ഹൈഡ്രോഗ്രാഫ് 88911 ക്യൂസക്സ് ആണ്.
മുല്ലപ്പെരിയാര്‍ ഡാമിന് 50 മീറ്റര്‍താഴെ 18 മിനിറ്റിനകം വെള്ളമെത്തും. വള്ളക്കടവില്‍ 26 മിനിറ്റിനകവും വണ്ടിപ്പെരിയാറില്‍ 31 മിനിറ്റിനകവും ഇടുക്കി റിസര്‍വോയറിനു മുകള്‍ഭാഗത്തു 128 മിനിറ്റിനുള്ളിലും ജലമെത്തും.
കുമളി, പെരിയാര്‍, മഞ്ചുമല, ഏലപ്പാറ, ഉപ്പുതറ, ആനവിലാസം, അയ്യപ്പന്‍കോവില്‍ എന്നീ വില്ലേജുകളില്‍ സ്ഥിതി ചെയ്യുന്ന 8941 വീടുകളെയും 32,503 ആളുകളെയും ഡാമില്‍നിന്നുള്ള വെള്ളം നേരിട്ടു ബാധിക്കുമെന്നാണു പ്രാഥമിക കണക്കെടുപ്പ്.
അപകടമുണ്ടാകുന്നപക്ഷം ആളുകള്‍ക്കു രക്ഷപ്പെടുന്നതിനു 69 ഷെല്‍ട്ടറുകള്‍ വേണ്ടിവരും. ഇതില്‍ 14 എണ്ണം നിലവിലുള്ള കെട്ടിടങ്ങളാണ്. ബാക്കി പുതുതായി നിര്‍മിക്കണം. ഒരു ഷെല്‍ട്ടറിന് 35 ലക്ഷം രൂപയോളം ചെലവുവരും. ആകെ 20 കോടി രൂപ ഷെല്‍ട്ടര്‍ നിര്‍മാണത്തിനു വേണ്ടിവരും. ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലം റവന്യൂ വകുപ്പ് കണ്ടെത്തുന്നുണ്ടെന്നു മന്ത്രി പി.ജെ. ജോസഫ് അറിയിച്ചു. ജനങ്ങള്‍ക്കു ബോധവത്കരണം നടത്തുന്നതിനുള്ള ക്ളാസുകള്‍ ഏഴു പഞ്ചായത്തുകളിലും ആരംഭിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി ഡാം വരെയാണ് ഒന്നാം ഘട്ട ഡാം ബ്രേക്ക് അനാലിസിസ് നടത്തിയത്.
ഡാം ബ്രേക്ക് അനാലിസിസിന്റെ രണ്ടാം ഘട്ടം ഇടുക്കി ഡാം മുതല്‍ അറബിക്കടല്‍ വരെയുള്ള മേഖലകളിലാണ്.യുണൈറ്റഡ് സ്റേറ്റ്സ് ബ്യൂറോ ഓഫ് റിക്ളമേഷന്‍(യുഎസ്ബിആര്‍) എന്ന സോഫ്റ്റ്വെയര്‍ ആണു പഠനത്തിനുപയോഗിച്ചത്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ നേതൃത്വത്തില്‍ ക്രൈസിസ് മാനേജ്മെന്റ് പ്ളാന്‍ മുല്ലപ്പെരിയാറിന്റെ സമീപപ്രദേശങ്ങളില്‍ നടപ്പാക്കിവരുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാം തകരുകയാണെങ്കില്‍ ഇടുക്കിവരെ ഉണ്ടാകുന്ന വെള്ളത്തിന്റെ പരമാവധി ഉയരത്തിനുമേല്‍ (45 മീറ്റര്‍) സുരക്ഷിത സ്ഥാനങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.ഉപ്പുതറ, അയ്യപ്പന്‍കോവില്‍, പീരുമേട് താലൂക്ക് ഓഫീസ്, ഇടുക്കി കളക്ടറേറ്റ് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമുകള്‍ മുഴുവന്‍സമയം പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി ജോസഫ് അറിയിച്ചു. വിഎച്ച്എഫ് റേഡിയോ പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പരിശീലനം ഇടുക്കി ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും അസിസ്റന്റുമാര്‍ക്കും നല്‍കിയിട്ടുണ്ട്്.
46 സ്കൂളുകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള പരിശീലനം നല്‍കിവരുന്നുണ്ട്. എല്ലാ സ്കൂളുകളിലും ദുരന്ത നിവാരണ സമിതിയും രൂപീകരിച്ചിട്ടുണ്ട്. സ്കൂള്‍ ദുരന്തനിവാരണപദ്ധതി മൂന്നുമാസംകൊണ്ടു പൂര്‍ത്തീകരിക്കും. ദുരന്തസമയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് ഇന്‍സിഡന്‍സ് റെസ്പോണ്‍സ് സിസ്റം നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ടെന്നു മന്ത്രി പി.ജെ. ജോസഫ് അറിയിച്ചു.
Discussion about this post