തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തു ജീവനക്കാരുടെ മുന്നില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടിയ സംഭവത്തെക്കുറിച്ചു എഡിജിപി മഹേഷ്കുമാര്‍ സിംഗ്ള അന്വേഷിക്കും. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു പോലീസ് ആസ്ഥാനത്തെ എഡിജിപി നേരിട്ട് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ ആഭ്യന്തര സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ആസ്ഥാനത്തു യോഗം ചേര്‍ന്നാണു അന്വേഷണച്ചുമതല മഹേഷ്കുമാര്‍ സിംഗ്ളയെ ഏല്‍പിച്ചത്. ഡിജിപി ജേക്കബ് പുന്നൂസ് ന്യൂഡല്‍ഹിയിലായിരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച വൈകിട്ടാണു പോലീസ് ആസ്ഥാനത്തു എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഡിവൈഎസ്പിയും പരസ്പരം ഏറ്റുമുട്ടിയത്.
ഹെഡ്ക്വാര്‍ട്ടേഴ്സിലെ എഐജി (രണ്ട്) ഗോപാലകൃഷ്ണനും എന്‍ആര്‍എ സെല്ലിലെ ഡിവൈഎസ്പിയും പോലീസ് സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ അബ്ദുല്‍ റഷീദുമാണ് ഏറ്റുമുട്ടിയത്. മറ്റു ജീവനക്കാര്‍ ഇടപെട്ടാണ് ഇരുവരേയും പിന്തിരിപ്പിച്ചത്.
ഒരു ഉദ്യോഗസ്ഥന്‍ നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്നതായാണു സൂചന. റയില്‍വേയുമായി ബന്ധപ്പെട്ട കേസിലും ഇദ്ദേഹം അന്വേഷണം നേരിടുന്നുണ്ട്. ഇതോടൊപ്പമുള്ള മറ്റു ചില കേസുകള്‍ രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടാണ് ഒതുക്കിയതത്രേ. കേരള പോലീസിലെ ഡിവൈഎസ്പി, എസ്പി മാരുടെ സംഘടനയായ പോലീസ് സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും ഇരുവരും തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. ഒടുവില്‍ ഒട്ടേറെപ്പേര്‍ ഇടപെട്ട ശേഷമാണ് അബ്ദുല്‍ റഷീദ് സംസ്ഥാന പ്രസിഡന്റായത്.
Discussion about this post