തിരുവനന്തപുരം: വിചാരണത്തടവുകാരായ നാവികരെ പുജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റി പോലീസ് ക്ലബില്‍ താമസിപ്പിക്കണമെന്ന ആവശ്യവുമായി ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റീഫന്‍ ഡി മിസ്തുറമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നുകാണിച്ച് ജയില്‍ എ.ഡി.ജി.പി ഡോ.അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.
ഒരു രാജ്യത്തെ പട്ടാളക്കാരെ മറ്റൊരു രാജ്യത്ത് തടവില്‍ പാര്‍പ്പിക്കുന്നതു സംബന്ധിച്ച ജനീവ കരാര്‍ അനുസരിക്കാന്‍ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്നു കാണിച്ച് സ്റ്റീഫന്‍ ഡി മിസ്തുറയുടെ നേതൃത്വത്തിലുള്ള ഇറ്റാലിയന്‍ സംഘം തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെത്തിയത്. ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ജിയാംപായോ കോര്‍തിലോ, മിലിട്ടറി അറ്റാഷെ പീറ്റര്‍ ഫെരാരി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഡി.ജി.പി ജേക്കബ് പുന്നൂസ്, എ.ഡി.ജി.പി പി.ചന്ദ്രശേഖരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സൗകര്യങ്ങളെക്കുറിച്ച് ഇറ്റാലിയന്‍ സംഘം അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ”നാവികരെ മാറ്റിപ്പാര്‍പ്പിക്കുന്നതു സംബന്ധിച്ച് താന്‍ ഉറപ്പ് നല്‍കിയിട്ടില്ല. സംസ്ഥാന ഡി.ജി.പിയും ജയില്‍ എ.ഡി.ജി.പിയുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. എ.ഡി.ജി.പിയുടെ കത്ത് ഇതുവരെ സര്‍ക്കാരിന് ലഭിച്ചിട്ടില്ല” – മുഖ്യമന്ത്രി പറഞ്ഞു.
ഈ സംഭവത്തെത്തുടര്‍ന്ന് ഇറ്റലിയില്‍ ഇന്ത്യാക്കാര്‍ക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഇറ്റാലിയന്‍ സംഘത്തോട് മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. നാവികരെ പോലീസ് ക്ലബ്ബിലോ എറണാകുളത്ത് ഗസ്റ്റ്ഹൗസിലോ മാറ്റിത്താമസിപ്പിക്കണമെന്നതാണ് ഇറ്റലിയുടെ ആവശ്യം.
സംസ്ഥാനത്ത് ഈയിടെയുണ്ടായ രണ്ട് സംഭവങ്ങളിലും മാതൃകാപരമായ രീതിയിലാണ് സര്‍ക്കാര്‍ ഇടപെട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post