ലക്‌നൗ: അയോധ്യയിലെ തര്‍ക്കമന്ദിരക്കേസില്‍ അന്തിമവിധി 24ന് പ്രഖ്യാപിിക്കാനിരിക്കെ സംസ്‌ഥാനത്തു ക്രമസമാധാനനില ഉറപ്പാക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്‌തമാക്കി. ഇതിന്റെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്‌ഥര്‍,പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ കഴിഞ്ഞ രാത്രി ചര്‍ച്ച നടത്തി. കോടതി പരിസരങ്ങളില്‍ സിആര്‍പിഎഫ് ജവാന്മാരെ വിന്യസിപ്പിച്ചതിനൊപ്പം കേസ് പരിഗണിക്കുന്ന മൂന്നു ജഡ്‌ജിമാരുടെ സുരക്ഷയും വര്‍ധിപ്പിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
ഡിജിപി കരംവീര്‍ സിങ്, എഡിജി ബ്രിജ് ലാല്‍ എന്നിവര്‍ സ്‌ഥിതി അവലോകനം ചെയ്യുന്നതിനും സുരക്ഷാ നടപടികളില്‍ പൊതുസഹകരണം ആവശ്യപ്പെടുന്നതിനും സംസ്‌ഥാനത്തെ പര്യടനം നടത്തുകയാണ്. ക്രമസമാധാനപാലനത്തിന് ഇതാദ്യമായാണ് ജനത്തിന്റെ സഹകരണം ആവശ്യപ്പെടുന്നത്. സുരക്ഷാ ക്രമീകരണങ്ങളില്‍ പൊതുപങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് അധ്യാപകരേയും മറ്റും ഉള്‍പ്പെടുത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി കേന്ദ്രത്തോട് കൂടുതല്‍ കേന്ദ്ര സൈന്യത്തെ ആവശ്യപ്പെട്ടെങ്കിലും ഇതിന് മറുപടി ലഭിക്കാതിരുന്നതോടെയാണ് അധികൃതര്‍ ജനങ്ങളുടെ പങ്കാളിത്തം തേടുന്നത്. ഒപ്പം 82,000 പൊലീസുകാരെയും 80,000 ഹോം ഗാര്‍ഡുകളേയും 20,000 ജവാന്മാരെയും സുരക്ഷ ശക്‌തമാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും നിയമിച്ചുകഴിഞ്ഞു. ഇതോടനുബന്ധിച്ച് രാജ്യമെങ്ങും സുരക്ഷാ സൈന്യം അതീവ ജാഗ്രതയിലാണ്.
Discussion about this post