മുംബൈ: റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചില്ല. പണപ്പെരുപ്പ ആശങ്ക തുടരുന്നതുകൊണ്ടാണു കരുതലോടെയുള്ള ഈ തീരുമാനം. ഇന്നലെ പാദാര്‍ധ പണനയ അവലോകനത്തിലാണ് ഈ തീരുമാനം. പണപ്പെരുപ്പം ഇരട്ടയക്കത്തില്‍നിന്നു താഴോട്ടു പോന്നതിനാല്‍ പലിശകുറയ്ക്കുമെന്നു പൊതുവേ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, പണപ്പെരുപ്പം ഏഴു ശതമാനത്തിനടുത്തു കറങ്ങുകയാണ്. പെട്രോളിയം വില ലോക വിപണിയില്‍ കൂടി നില്‍ക്കുന്നു. കേന്ദ്ര ബജറ്റില്‍ എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. റെയില്‍വേ ചരക്കുകൂലി ഈയിടെ കൂട്ടി. ഇതെല്ലാം കണക്കിലെടുത്താണു പലിശ കൂട്ടേണ്ടെന്നു റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കു പണം നല്കുമ്പോള്‍ ഈടാക്കുന്ന പലിശയായ റീപോ 7.5 ശതമാനത്തില്‍ തുടരും. വാണിജ്യ ബാങ്കുകളില്‍നിന്നു പലിശയായ റിവേഴ്സ് റീപോ 8.5 ശതമാനത്തിലും തുടരും.
ബാങ്കുകളിലെ പണ ദൌര്‍ലഭ്യത്തിനു ആഴ്ചകള്‍ക്കകം പരിഹാരമാകുമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവു പറഞ്ഞു. ഈ വര്‍ഷം ജനുവരി-മാര്‍ച്ചിലെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ പാദത്തിലേക്കാള്‍ മെച്ചമാകുമെന്ന് അദ്ദേഹം കരുതുന്നു. ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കാന്‍ തയാറായിട്ടില്ല.
Discussion about this post