പിറവം: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് 40 ശതമാനത്തിന് അടുത്ത് എത്തിയെന്നാണ് അനൌദ്യോഗിക കണക്ക്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ ദൃശ്യമായിരുന്നു. പല ബൂത്തുകളിലും സ്ത്രീകളും യുവജനങ്ങളുമായിരുന്നു കൂടുതല്‍. കൂത്താട്ടുകുളം, പിറവം, രാമമംഗലം, ആമ്പല്ലൂര്‍, ചോറ്റാനിക്കര, തിരുവാങ്കുളം, മണീട് പഞ്ചായത്തുകളിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. പല പഞ്ചായത്തുകളിലും പോളിംഗ് നാല്‍പത് ശതമാനം കവിഞ്ഞു. എടക്കാട്ടുവയല്‍, പാമ്പാക്കുട, മുളന്തുരുത്തി, ഇലഞ്ഞി, തിരുമാറാടി പഞ്ചായത്തുകളില്‍ താരതമ്യേന കുറവായിരുന്നെങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും പോളിംഗ് മുപ്പത് ശതമാനം കവിഞ്ഞിട്ടുണ്ട്. പിറവം മണ്ഡലത്തിലെ പോളിംഗ് ശതമാനക്കണക്കുകള്‍ ഇക്കുറി തിരുത്തിക്കുറിക്കുമെന്നാണ് വോട്ടര്‍മാരുടെ നീണ്ട നിര സൂചിപ്പിക്കുന്നത്. 1987 ലാണ് പിറവത്ത് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നത്. 85.45 ശതമാനമായിരുന്നു അന്ന് പോളിംഗ്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 79.12 ശതമാനമായിരുന്നു പോളിംഗ്. ആദ്യസൂചനകള്‍ അനുസരിച്ച് ഇക്കുറി പോളിംഗ് 90 ശതമാനം കവിയുമെന്നാണ് വിവരം. ഇരുമുന്നണികളുടെയും ബിജെപിയുടെയും സ്ഥാനാര്‍ഥികള്‍ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. മണിമലക്കുന്ന് കോളജിലെ പോളിംഗ് ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ജെ ജേക്കബ് വോട്ട് ചെയ്തത്. ഒരു മണിക്കൂറോളം ക്യൂവില്‍ കാത്തുനിന്നാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. പോളിംഗ് ശതമാനം ഉയരുന്നതു എല്‍ഡിഎഫിന് അനുകൂലമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മണ്ണത്തൂര്‍ ഗവ. ഹൈസ്കൂളിലെ പോളിംഗ് ബൂത്തിലാണ് അനൂപ് ജേക്കബ് വോട്ട് ചെയ്തത്. പോളിംഗ് ബൂത്തിലെ ആദ്യവോട്ടറായിട്ടാണ് അനൂപ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. അനൂപിനൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വോട്ടു ചെയ്തു. വിജയം ഉറപ്പാണെന്ന് വോട്ടു ചെയ്തതിനു ശേഷം അനൂപ് മാധ്യമങ്ങളോടു പ്രതികരിച്ചു. ഇടതു പഞ്ചായത്തുകളില്‍ പോലും യുഡിഎഫിനു നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും അനൂപ് പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി കെ.ആര്‍. രാജഗോപാലും രാവിലെ വോട്ടു ചെയ്തു. ബിജെപി ഏറെ പ്രതീക്ഷയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ മണ്ഡലത്തില്‍ പ്രവേശിച്ച് പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിച്ചെന്ന പരാതിയെ തുടര്‍ന്ന് സിപിഎം എംഎല്‍എമാരായ കോലിയക്കോട് കൃഷ്ണന്‍ നായര്‍, സുരേഷ് കുറുപ്പ് എന്നിവര്‍ക്കെതിരേ കേസെടുത്തു. തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.
Discussion about this post