തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന പെരിയാര്‍ കടുവ- വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടെ തമിഴ്‌നാടിന്റെ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും സ്വതന്ത്രമായി വിഹരിക്കാനുള്ള
വ്യവസ്ഥ കേന്ദ്ര ഡാം സുരക്ഷാ ബില്ലില്‍ പുതുതായി എഴുതി ചേര്‍ക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് വിചിത്രമായ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തെ അണക്കെട്ടുകളുടെ പൂര്‍ണ്ണ നിയന്ത്രണം അത് സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന് ആയിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര ഡാം സുരക്ഷാ ബില്ലിലെ അത്തരം വ്യവസ്ഥകള്‍ എടുത്ത് കളയണമെന്ന് ആവശ്യം കത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്.
അണക്കെട്ടുകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമായി നടത്താനും പുനരധിവാസ നടപടികള്‍ക്കും ഇതാവശ്യമാണെന്നും ജയലളിത കത്തില്‍ പറയുന്നു. ഈതാദ്യമാണ് ഇത്തരമൊരു കാര്യം തമിഴ്‌നാട് രേഖാമൂലം ആവശ്യപ്പെടുന്നത്. മുല്ലപെരിയാര്‍, പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം എന്നീ നാല് അണക്കെട്ടുകള്‍ തമിഴ്‌നാടിന് ഉടമസ്ഥാവകാശമുള്ളതും എന്നാല്‍ കേരളത്തില്‍ സ്ഥിതി ചെയ്യുന്നതുമാണെന്ന് ജയലളിത കത്തില്‍ പറയുന്നുണ്ട്. ഡാം സുരക്ഷാ ബില്ല് നിയമമായാല്‍ ഈ നാല് അണക്കെട്ടുകളുടേയും പൂര്‍ണ്ണ നിയന്ത്രണം സ്വാഭാവികമായും കേരളത്തിന്റെ കയ്യിലാകുമെന്നും ജയലളിത പറയുന്നു.
Discussion about this post