തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനം കൃഷിയും അനുബന്ധ മേഖലകളുടേയും വികസനത്തിലൂടെയെ സാദ്ധ്യമാകൂ എന്ന ദിശാബോധം ഉള്‍ക്കൊണ്ട് കൊണ്ട് ബഹു. ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റില്‍ കൃഷിയ്ക്ക് മുന്‍ഗണന നല്‍കിയിരിക്കുന്നു എന്ന് സംസ്ഥാന കൃഷി-മൃഗസംരക്ഷണ-അച്ചടി-സ്റ്റേഷനറി വകുപ്പ് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു.
പുതിയ തലമുറയ്ക്ക് കൃഷി ആകര്‍ഷകവും, ആദായകരവുമാക്കുന്നതിനായി ആധുനിക കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഹരിത ഗൃഹ (ഗ്രീന്‍ ഹൗസ്) കൃഷി രീതിയ്ക്ക് 45 കോടി സബ്സിഡിയായി നല്‍കുവാന്‍ ബഡ്ജറ്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും, മൂന്ന് വീതം ഹരിത ഗൃഹ കൃഷി പദ്ധതി നടപ്പാക്കുക വഴി ഹൈ-ടെക് കൃഷി രീതിയിലേക്ക് സംസ്ഥാനത്തെ പടിപടിയായി മാറ്റുവാന്‍ കഴിയും.
സംസ്ഥാനത്തെ പ്രധാന വിളകളായ നെല്ലും നാളീകേരവും സംരക്ഷിക്കുന്നതിനും 25 കോടി രൂപ ചെലവില്‍ ബയോപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി, സൂക്ഷ്മ കൃഷി പ്രോത്സാഹന പദ്ധതി, നെല്‍കൃഷി വികസനത്തിന് 50 കോടിയും, നാളീകേര വികസനത്തിന് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് സഹായവും ജൈവകൃഷി പ്രോത്സാഹനത്തിന് 10 കോടി രൂപയും പൈനാപ്പിള്‍ മിഷന് ഒരു കോടിയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് 11 കോടിയും വകയിരുത്തിയിരിക്കുന്നു. ഇളനീരിനെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചതും, നാളീകേര കര്‍ഷകര്‍ക്ക് പ്രോത്സാഹനമാണ്.കൂടാതെ മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് 40 കോടിയും കോലാഹലമേട്ടിലും, കുളത്തൂപ്പുഴയിലും കന്നുകാലി വികസനത്തിന് രണ്ടര കോടിയും കേരള ഫീഡ്സിന് 5 കോടിയും നിര്‍ദ്ദേശിച്ചിരിക്കുന്നു.
ഡോ. സ്വാമിനാഥന്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് കുട്ടനാട് കാര്‍ഷിക വ്യവസ്ഥ അന്താരാഷ്ട്ര തലത്തില്‍ പഠന വിഷയമാക്കുന്നതിനായി ഒരു അന്താരാഷ്ട്ര ഗവേഷണ- പരിശീലന കേന്ദ്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനവും, കുട്ടനാട് പാക്കേജിന് 115 കോടിയും, കോള്‍ നില കൃഷിയ്ക്ക് 400 കോടിയും, അട്ടപ്പാടി അക്ഷയ പാത്രം പദ്ധതിയ്ക്ക് സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ സമര്‍പ്പിച്ച 153.75 കോടിയുടെ പദ്ധതിയും കൃഷി-അനുബന്ധ മേഖലയിലെ ബഡ്ജറ്റ് വകയിരുത്തലാണ്. പഞ്ചായത്തുകളില്‍ കര്‍ഷക സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നു.
കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനത്തിന് പ്രോത്സാഹനമായി ആനയറ, വേങ്ങേരി മാര്‍ക്കറ്റുകളെ അഗ്രിസൂപ്പര്‍ മാര്‍ക്കറ്റുകളായി മാറ്റുമെന്ന ബഡ്ജറ്റ് പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്. കൃഷി-മൃഗസംരക്ഷണ വകുപ്പുകള്‍ നല്‍കിയ പദ്ധതികള്‍ തൃപ്തികരമായ നിലയില്‍ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു.
Discussion about this post