തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിലെ തീരുമാനം മാര്‍ച്ച് 31 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാര്‍ച്ച് 31 മുതല്‍ വിരമിക്കുന്നവര്‍ക്കു പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കും. മാര്‍ച്ച് 31നു മുന്‍പു വിരമിച്ചവര്‍ക്കു പ്രയോജനം ലഭിക്കില്ല. യഥാര്‍ഥത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയല്ല, ഏകീകരണം എടുത്തു കളയുകയാണു ചെയ്തത്.
എന്നാല്‍, പാക്കേജെന്ന നിലയില്‍ മാര്‍ച്ച് 31നുണ്ടാകുന്ന കൂട്ടവിരമിക്കല്‍ മൂലമുണ്ടാകുന്ന മുഴുവന്‍ ഒഴിവുകളിലേക്കും പിഎസ്സി റാങ്ക് ലിസ്റുകളിലുള്ളവരെ നിയമിക്കും. ഇതിനായി ഇപ്പോള്‍ ത്തന്നെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പെന്‍ഷന്‍ പ്രായം 56 ആക്കിയതുമൂലം ഒരാള്‍ക്കുപോലും പുറത്തുനില്‍ക്കേണ്ടിവരില്ല. മാര്‍ച്ച് 31നു 15,000 മുതല്‍ 20,000 പേര്‍ വരെ വിരമിക്കുമെന്നാണു കണക്കാക്കുന്നത്. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ യുവ എംഎല്‍എമാര്‍ എതിര്‍പ്പും നിര്‍ദേശങ്ങളടങ്ങിയ പാക്കേജും മുന്നോട്ടുവച്ചിരുന്നു. യുവജനങ്ങളുടെ നിര്‍ദേശങ്ങളെ അടഞ്ഞ അധ്യായമായല്ല സര്‍ക്കാര്‍ കണ്ടത്.
റിട്ടയര്‍മെന്റ് തീയതി ഉയര്‍ത്തിയതുപോലെ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയും 36 ആക്കി ഉയര്‍ത്തണം, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണം, തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. നിയമസഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ ക്രിയാത്മകമായ നിര്‍ദേശങ്ങളും പരിഗണിക്കും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 10 മാസത്തിനകം 40,000 പേര്‍ക്കു ജോലിയോ ശമ്പളമോ നല്‍കി. റാങ്ക് ലിസ്റുകളുടെ കാലാവധി നീട്ടണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ എല്‍ഡിഎഫാണ് എതിര്‍ത്തത്. നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തിയതു സംസ്ഥാനത്തോടു കാട്ടിയ കൊടുംക്രൂരത യാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പെന്‍ഷന്‍ പ്രായം 56 ആക്കാന്‍ യുഡിഎഫിനെ നിര്‍ബന്ധിതമാക്കിയതു ധനമന്ത്രിയായിരുന്ന തോമസ് ഐസക് പെന്‍ഷന്‍ തീയതി ഏകീകരിച്ചതുമൂലമാണെന്നു ധനമന്ത്രി കെ.എം. മാണി പറഞ്ഞു.
Discussion about this post