തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവ മഹാമഹം 28 മുതല്‍ ഏപ്രില്‍ മൂന്നുവരെ നടക്കും. വിശിഷ്ടമായ പൂജകള്‍, അന്നദാനസദ്യ, പുറത്തെഴുന്നള്ളത്ത്, പൊങ്കാല, ഗുരുസി എന്നിവയും വിവിധ കലാപരിപാടികളും ഉത്സവത്തോടനുബന്ധിച്ച് നടക്കും. ഏപ്രില്‍ മൂന്നിനാണ് പൊങ്കാല. രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന പൊങ്കാല ഉച്ചകഴിഞ്ഞ് 2.30ന് തര്‍പ്പണത്തോടെ അവസാനിക്കും.
28ന് വൈകുന്നേരം അഞ്ചിന് ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മേയര്‍ അഡ്വ. കെ. ചന്ദ്രിക അധ്യക്ഷതവഹിക്കും. മുന്‍ മന്ത്രി എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ഉത്സവത്തോടനുബന്ധിച്ചുള്ള താല്‍ക്കാലിക സ്റേജ് ട്രിഡ ചെയര്‍മാന്‍ അഡ്വ. പി.കെ. വേണുഗോപാല് ഉദ്ഘാടനം ചെയ്യും. ഉത്സവത്തിന്റെ കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം ജയറാം നിര്‍വഹിക്കും. ചടങ്ങില്‍ പദ്മശ്രീ ലഭിച്ച ജയറാമിന് മുന്‍മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ ട്രസ്റിന്റെ ഉപഹാരം നല്‍കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, സി.പി.ഐ സംസ്ഥാന സമിതിയംഗം പി. രാമചന്ദ്രന്‍ നായര്‍, ശിവസേന കേരള രാജ്യ പ്രമുഖ് എം. ഭുവനചന്ദ്രന്‍, കരിക്കകം വാര്‍ഡ് കൌണ്‍സിലര്‍ സുരേഷ്കുമാര്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ. മോഹന്‍കുമാര്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് മാനേജിംഗ് ഡയറക്ടര്‍ വി. മുരളീധരന്‍ നായര്‍, എന്നിവര്‍ പ്രസംഗിക്കും.കലാസാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത വ്യക്തികള്‍ക്കായി കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര ട്രസ്റ് ഏര്‍പ്പെടുത്തുന്ന കരിക്കകത്തമ്മ പുരസ്കാരത്തിന് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയെ തെരഞ്ഞെടുത്തതായി ട്രസ്റ് ചെയര്‍മാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post