തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം ഉയര്‍ത്തിയതിനു പകരമായി, ഈ മാസം 31നു വിരമിക്കേണ്ടിയിരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തിനു തുല്യമായ ഒഴിവുകളിലേക്കു നിയമനം നടത്താന്‍ പിഎസ്‌സിയോടു സര്‍ക്കാര്‍ ഉടന്‍ ആവശ്യപ്പെടും. പിഎസ്‌സി അത്രയും ഒഴിവിലേക്ക് അഡൈ്വസ് മെമ്മോ അയയ്ക്കും. സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ചാകും പിഎസ്‌സി നിയമനം ഉറപ്പാക്കുക.
ഈ മാസം 31ന് 55 വയസ്സ് തികഞ്ഞ് എത്ര പേര്‍ വിരമിക്കേണ്ടിയിരുന്നു എന്ന കണക്ക് ലഭ്യമായിട്ടില്ല. ഏതാണ്ടു 16,000 പേര്‍ വിരമിക്കുമെന്നാണു കണക്കാക്കുന്നത്. അത്രയും സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ചാണു പിഎസ്‌സി വഴി നിയമനം നടത്തുക. വിരമിക്കല്‍ മൂലമല്ലാതെ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് ഇതിനു പുറമെ നിയമനം നടത്തും.
യുവാക്കള്‍ക്ക് ആകര്‍ഷകമായ തൊഴിലവസര പാക്കേജ് കൊണ്ടുവരുമെന്നും കേസരി ട്രസ്റ്റിന്റെ മുഖാമുഖത്തില്‍ ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ഈ പാക്കേജ് ചര്‍ച്ചയിലാണ്. പെന്‍ഷന്‍ പ്രായം കൂട്ടിയതിന്റെ പേരില്‍ ഒരാള്‍ക്കു പോലും അര്‍ഹമായ അവസരം നഷ്ടപ്പെടില്ല.
യുവാക്കള്‍ക്കു തൊഴില്‍ വൈദഗ്ധ്യം ഉറപ്പാക്കാന്‍ വിപുലമായ പദ്ധതികള്‍ ബജറ്റിലുണ്ടെന്നു മന്ത്രി പറഞ്ഞു. എല്ലാ ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും കേന്ദ്രമാക്കി പരിശീലന കേന്ദ്രങ്ങള്‍ വരും. പ്ലസ് ടു പാസാകുമ്പോള്‍ ഒപ്പം നൈപുണ്യ ബിരുദവും ലഭിക്കും. യുവതീയുവാക്കള്‍ക്കു സംരംഭക പരിശീലനവും നല്‍കും. രണ്ടും കൂടിയാകുമ്പോള്‍ രണ്ടു മൂന്നു വര്‍ഷത്തിനകം തൊഴിലില്ലായ്മയ്ക്കു പരിഹാരമാവുമെന്നും പ്രതിപക്ഷം വെറുതെ കോലാഹലമുണ്ടാക്കുകയാണ്.
പെന്‍ഷന്‍ പ്രായം 56 ആക്കുന്നതു നേട്ടമേ ഉണ്ടാക്കൂവെന്ന് അദ്ദേഹം വിശദീകരിച്ചു. 57 ആക്കിയിരുന്നെങ്കില്‍ കുറച്ചുകാലത്തേക്കു സാമ്പത്തികലാഭം ഉണ്ടാവുമായിരുന്നു. അതു ചെയ്തിട്ടില്ല. പെന്‍ഷന്‍ ഏകീകരണം വഴി തോമസ് ഐസക് ഫലത്തില്‍ വിരമിക്കല്‍ പ്രായം 56 ആക്കുകയായിരുന്നു. കാര്‍ഷികരംഗത്തു വന്‍ ഉല്‍പാദനക്ഷമത സൃഷ്ടിക്കുന്ന ഗ്രീന്‍ ഹൗസുകള്‍ എല്ലാ പഞ്ചായത്തിലുമായി 3000 എണ്ണമാണു വരുന്നത്. അതോടെ കൃഷി വ്യവസായമായി മാറും. ബിരുദമെടുത്താല്‍ കൃഷിപ്പണിക്കു പോകില്ലെന്ന സ്ഥിതിയും മാറും. കാരണം ഇതു തൂമ്പയെടുത്തു കിളയ്ക്കലല്ല, വ്യവസായമാണ്.
വാറ്റ് നിരക്കില്‍ 1% വര്‍ധന എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കിയതാണ്. തോമസ് ഐസക് അതു ചെയ്യാതിരുന്നിട്ട് ഇപ്പോള്‍ തന്നെ കുറ്റം പറയുകയാണ്. 1000 കോടി രൂപ അധിക വിഭവസമാഹരണമാണ് ഇതിലൂടെ നടക്കുകയെന്നും മാണി പറഞ്ഞു.
Discussion about this post