തിരുവനന്തപുരം: സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ (76) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ വച്ച് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കായിരുന്നു അന്ത്യം. മരണസമയത്ത് സി.പി.ഐ. സംസ്ഥാന നേതാക്കളും പാര്‍ട്ടി എം.എല്‍.എ.മാരും ആസ്പത്രിയിലുണ്ടായിരുന്നു. കഴിഞ്ഞ മാസം നടന്ന സി.പി.ഐ. സംസ്ഥാന സമ്മേളനത്തിലും അതിനുശേഷം പിറവം നിയമസഭാ ഉപതിരഞ്ഞെടുപ്പിലും സജീവമായിരുന്നു. പിറവത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിച്ചത്.
മൂന്ന് തവണ പാര്‍ലമെന്റംഗമായിരുന്ന ചന്ദ്രപ്പന്‍ ഒരു തവണ നിയമസഭാംഗവുമായി. പുന്നപ്ര-വയലാര്‍ സമരത്തിന്റെ നായകരില്‍ പ്രമുഖനും വയലാര്‍ സ്റ്റാലിന്‍ എന്ന പേരില്‍ പ്രശസ്തനുമായിരുന്ന സി.കെ. കുമാരപ്പണിക്കരുടെ മൂന്നാമത്തെ മകനായി 1936ല്‍ വയലാറിലായിരുന്നു ജനനം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. എഴുപതുകളില്‍ ഇടതുയുവജന പ്രസ്ഥാനങ്ങളിലെ ഏറ്റവും സജീവ സാന്നിധ്യമായിരുന്നു. എ.ഐ.വൈ.എഫിന്റെ അഖിലേന്ത്യാ പ്രസിന്റായിട്ടുണ്ട്. ഗോവ വിമോചന സമരം ഉള്‍പ്പടെ നിരവധി പ്രക്ഷോഭങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം, ഡെല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്.
തലശ്ശേരി, കണ്ണൂര്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ നിന്നാണ് ലോകക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1991ല്‍ ചേര്‍ത്തലയില്‍ വയലാര്‍ രവിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. 2011ലാണ് വെളിയം ഭാര്‍ഗവന്റെ പിന്‍ഗാമിയായി സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായത്. കെ.ടി.ഡി.സി. ചെയര്‍മാന്‍, കേരഫെഡ് വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. ബുലുറോയ് ചൗധരിയാണ് ഭാര്യ.
Discussion about this post