ബാംഗ്ലൂര്‍: ഐ.ടി. രംഗത്തെ പുറംജോലിക്കരാര്‍ നിരോധിക്കാനുള്ള അമേരിക്കന്‍ തീരുമാനം പിന്തിരിപ്പന്‍ നടപടിയായി പോയെന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ. ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുകയെന്നും ഇന്ത്യന്‍ കമ്പനികളും അമേരിക്കയില്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന കാര്യം അമേരിക്ക വിസ്‌മരിക്കരുതെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.
അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ കൂടാനുള്ള നടപടിയാണിതെന്ന യു.എസ്. പ്രസിഡന്റ് ഒബാമയുടെ വാദത്തെയാണ് ആനന്ദ് ശര്‍മ്മ വിമര്‍ശിച്ചത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ സംരക്ഷണം മാത്രം മുന്‍നിര്‍ത്തിക്കൊണ്ടുള്ള തീരുമാനങ്ങള്‍ അവര്‍ക്ക് പോലും ഗുണകരമാകുമെന്ന് കരുതാനാവില്ലെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു. ബാംഗ്ലൂരില്‍ ഐ.ടി. സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി, ക്രിസ് ഗോപാലകൃഷ്‌ണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Discussion about this post